ഗുജറാത്ത് മുഖ്യമന്ത്രിക്ക് 191 കോടിയുടെ വിമാനം; ബോംബാര്‍ഡിയര്‍ ചാലഞ്ചര്‍ 650

ഗുജറാത്ത് മുഖ്യമന്ത്രിക്കും മറ്റു വിഐപികള്‍ക്കും യാത്ര ചെയ്യാന്‍ 191 കോടി രൂപ വിലയുള്ള വിമാനമെത്തുന്നു. ബോംബാര്‍ഡിയര്‍ ചാലഞ്ചര്‍ 650 മോഡല്‍ വിമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഗുജറാത്ത് സര്‍ക്കാരിന് ലഭിക്കും. 12 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം വിമാനത്തിലുണ്ട്. മുഖ്യമന്ത്രിയെക്കൂടാതെ ഗവര്‍ണര്‍, ഉപ മുഖ്യമന്ത്രി തുടങ്ങിയവരും പുതിയ വിമാനത്തിന്‍റെ സേവനം ഉപയോഗിക്കും. 7000 കിലോമീറ്ററാണ് ഫ്ലയിംഗ് റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 870 കിലോമീറ്റര്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന്‍ പറഞ്ഞു. ബീച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് വിമാനമാണ് മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഈ വിമാനമാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് വര്‍ഷം മുമ്പാണ് പുതിയ വിമാനത്തിന്‍റെ നിര്‍ദേശം വന്നതെന്നു അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രക്ക്  സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു.