ഉച്ചകോടിയിൽ കണ്ണുംനട്ട് മാമല്ല പുരം: പ്രതീക്ഷയിൽ കച്ചവടക്കാരും ശില്‍പികളും

ഇന്ത്യ ചൈന ഉച്ചകോടിയിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് തമിഴ്നാട്ടിലെ മാമല്ല പുരമെന്ന പൈതൃക നഗരം. പല്ലവ രാജവംശക്കാലത്തെ പ്രമുഖ തുറമുഖമായിരുന്ന ഇവിടം കല്ലില്‍ കൊത്തിയെടുത്ത ചരിത്ര സ്മാകരങ്ങളാലാണ് പ്രസിദ്ധമായത്.  ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരികേണ്ട ലോകത്തിലെ പൈതൃക സ്ഥലങ്ങളില്‍ ഒന്നായി യുനസ്കോ തിരഞ്ഞെടുത്തയിടം കൂടിയാണ് മാമലപുരം.

പല്ലവ രാജവംശത്തിന്റെ അഭിവൃദ്ധിയുടെയും കലാരംഗത്തെ വികവിന്റെയും തിരുശേഷിപ്പുകളാണ് മാമലപുരമെന്നും മഹാബലിപുരമെന്നും അറിയപെടുന്ന ഈ കൊച്ചു നഗരത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എ.ഡി  580 മുതല്‍ 630 വരെ ജീവിച്ചിരുന്ന മഹേന്ദ്ര വര്‍മ്മന്‍ രാജാവിന്റെയും  അദ്ദേഹത്തിന്റെ മകനായ നരസിംഹവര്‍മ്മന്‍റെയും കാലത്താണ് ഇവയില്‍ മിക്കവയും നിര്‍മ്മിച്ചതെന്നു കരുതപെടുന്നു. തീരക്ഷേത്രമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള ശിലാക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്.

പഞ്ചരഥങ്ങളാണ് മറ്റൊരു അല്‍ഭുതം. മഹാഭാരതത്തിലെ പാണ്ഡവന്മാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അവയുടെ പേരുകളില്‍ കല്ലില്‍ കൊത്തിയെടുത്ത വിസ്മയമാണ് പഞ്ചരഥങ്ങള്‍.  

തമിഴ്നാട്ടില്‍ കൊറിയന്‍ കമ്പനികള്‍ സ്വന്തം പ്ലാന്റുകള്‍ തുടങ്ങിയതോടെ മാമലപുരമടക്കമുള്ള  വിനേദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തുന്ന ചൈനീസ് വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. ചൈനീസ് പ്രധാനമന്ത്രി കൂടി എത്തുന്നതോടെ ഈ മേഖലയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

ഉച്ചകോടിയുടെ ഒരുക്കങ്ങള്ക്കായി ഒരു ആഴ്ചയിലേറെയായി കടുത്ത നിയന്ത്രണങ്ങളില്‍  വലഞ്ഞിരുന്ന കച്ചവടക്കാരും ശില്‍പികളും നല്ലകാലവും വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്.