പ്രായം കൂടിയ അമ്മ; പ്രസവത്തെ തുടർന്ന് സ്ട്രോക്ക്; ഭർത്താവിന് ഹൃദയാഘാതം; പ്രാർഥന

എഴുപത്തിരണ്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളുടെ വാർത്ത വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ 72 കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സെപ്റ്റംബര്‍ 5നായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്.ഇതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക് വരാൻ കാരണമെന്നാണ് സൂചന. സിസേറിയനിലൂടെയായിരുന്നു മങ്കയമ്മ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഇതേ തുടർന്നുണ്ടായ കടുത്ത രക്തസമ്മര്‍ദ്ദമാണ്  സ്‌ട്രോക്കിലേയ്ക്ക് നയിച്ചത്.

കുഞ്ഞുങ്ങൾ ജനിച്ചതിന് പിന്നാലെ കുട്ടികളുടെ പിതാവായ രാജറാവുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മങ്കയമ്മയും ആശുപത്രിയിലാകുന്നത്. ഇൗ പ്രായത്തിലുള്ള ദമ്പതികൾക്ക് ഐ.വി.എഫ് ചികിത്സ നല്‍കിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ജനിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ടായിരുന്നു.