ഫ്ലക്സ് വീണ് യാത്രക്കാരി മരിച്ച സംഭവം; വിചിത്ര നടപടികളുമായി സർക്കാർ

ചെന്നൈ നഗരത്തില്‍ അണ്ണാഡി.എം.കെ. നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് വീണു യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി തമിഴ്നാടു സര്‍ക്കാര്‍ . ഫ്ലക്സ് പ്രിന്‍റ് ചെയ്ത  സ്ഥാപനം പൂട്ടി സീല്‍ ചെയ്യാന്‍ തിടുക്കം കാണിച്ച സര്‍ക്കാര്‍ കുറ്റക്കാരനായ നേതാവിനെതിരെ കേസെടുക്കാന്‍ തയറായത് കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ .അതിനിടെ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും വീഴ്ചവരുത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമില്ല. 

ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ തന്നെ വിവാദമാകുകയും ഹൈക്കോടതി ഇന്നേവരെയില്ലാത്ത രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നടപടിയിലേക്കു കടന്നത്. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വച്ച ഫ്ളക്സാണ് ജീവനെടുത്തത്. പക്ഷേ ആദ്യ നടപടി ഫ്ലക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള ചെന്നൈ കോര്‍പ്പറേഷനെ ഉപയോഗിച്ചാണ്  സ്ഥാപനം പൂട്ടിച്ചത്. തൊട്ടുപിറകെ ശുഭശ്രീയുടെ ദേഹത്തേിലൂടെ കയറി ഇറങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവറെ  പിടികൂടി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. പക്ഷേ ചെന്നൈ കോര്‍പ്പറേഷന്‍ മുന്‍കൗണ്‍സിലര്‍ കൂടിയായ നേതാവിനെതിരെ കേസെടുക്കാന്‍  തുടക്കത്തില്‍ പൊലീസ് തയാറായില്ല. 

പ്രതിഷേധം കടുത്തതോടെയാണ്  ഭരണകക്ഷിയുടെ നഗരത്തിലെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. അതേ സമയം അനധികൃത ഫ്ലെക്സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയില്ല.  അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.. അതിനിടെ   ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നു രാഷ്ട്രീയ പാർട്ടികൾ അണികൾക്കു നിർദേശം നൽകി. ഡിഎംകെ, അണ്ണാഡിഎംകെ പാർട്ടികൾ മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകവും ഇടതുപാര്‍ട്ടികളും സമാനതീരുമാനങ്ങള്‍ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്