ധാതുഖനന പാട്ടം; വൻ അഴിമതിയെന്ന് കോൺഗ്രസ്; നഷ്ടം നാലു ലക്ഷം കോടി

മോദി സര്‍ക്കാരിനെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതില്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഖജനാവിന് 4 ലക്ഷംകോടി നഷ്ടപ്പെട്ടെന്നും സി.എ.ജി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും പവന്‍ ഖേര പറഞ്ഞു.

അഴിമതി വിരുദ്ധ നീക്കം നൂറ് ദിവസത്തെ ഭരണനേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴാണ് കോണ്‍ഗ്രസ് പുതിയ ആയുധവുമായി രംഗത്തുവന്നത്. 50 വര്‍ഷത്തേക്ക് 358 ധാതു ഖനികളുടെ പാട്ടക്കാലാവധി ബി.ജെ.പി സര്‍ക്കാര്‍ നീട്ടി നല്‍കിയെന്നാണ് ആരോപണം. ലേലം ഒഴിവാക്കിയായിരുന്നു ഇത്.  നാല് ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായി. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാരിന്‍റെ നീക്കമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.

യു.പി.എ ഭരണകാലത്ത് സാങ്കല്‍പ്പിക നഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന സി.എ.ജി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കാലാവധി നീട്ടി നല്‍കിയതില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും പവന്‍ ഖേര പറഞ്ഞു.