പൊട്ടിക്കരഞ്ഞ് ശിവൻ; മാറോടണച്ച് മോദി; രാജ്യത്തിനും കണ്ണ് നിറഞ്ഞ നിമിഷം: വിഡിയോ

ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യം കാണാതിരുന്നതിന് പിന്നാലെ ബംഗളൂരു ഇസ്റോ കേന്ദ്രത്തിൽ നടന്നത് വികാരനിർഭരമായ രംഗങ്ങൾ.  ചന്ദ്രയാൻ 2വിന് ഒപ്പം നിന്ന ശാസ്ത്രജ്ഞർക്ക് നന്ദി പറഞ്ഞ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങാനൊരുങ്ങവേയാണ് വൈകാരിക നിമിഷങ്ങൾ സംഭവിച്ചത്. പ്രധാനമന്ത്രിയെ യാത്രയാക്കാൻ എത്തിയ ഇസ്റോ ചെയർമാൻ കെ.ശിവൻ അത്രയും സമയം കാത്തുസൂക്ഷിച്ച ആത്മസംയമനം കൈവിട്ട് പൊട്ടിക്കരഞ്ഞു. 

നിയന്ത്രണം വിട്ട് കരഞ്ഞ ശിവനെ പ്രധാനമന്ത്രി  മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിക്കുന്ന കാഴ്ച ഏറെ വൈകാരികമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. രാജ്യം ഒപ്പം തന്നെയുണ്ടെന്ന് ഉറപ്പ് നൽകിയാണ് പ്രധാനമന്ത്രി മടങ്ങിയത്. 

ദൗത്യത്തിന് ഒപ്പം നിന്ന് ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങൾ ഏത് അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന്‌ നിങ്ങളുടെ കണ്ണുകൾ പറയുന്നുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഇന്ത്യയുടെ ആദരമുണ്ടാകും. ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു– ശാസ്ത്രജ്ഞരോടു പ്രധാനമന്ത്രി പറഞ്ഞു.

ഐഎസ്ആർഒ സംഘം കഠിനാധ്വാനം ചെയ്തു, ഒരുപാടു ദൂരം സഞ്ചരിച്ചു, ഈ പാഠമാണ് നമ്മോടൊപ്പം ഉണ്ടാകേണ്ടത്. ഇക്കാര്യം ഇനി മുതൽ നമ്മളെ കൂടുതൽ കരുത്തരാക്കും. തിളക്കമാർന്ന നാളെയാണു കാത്തിരിക്കുന്നത്. ശാസ്ത്രത്തിൽ തോൽവിയെന്നത് ഇല്ല. പരീക്ഷണങ്ങൾക്കും ശ്രമങ്ങൾക്കുമാണ് അവിടെ സ്ഥാനമെന്നും ബെംഗളുരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.