ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച് പാക് മന്ത്രി; പരാമര്‍ശത്തില്‍ രോഷം പുകയുന്നു

ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ ലക്ഷ്യം കാണാതെ പോയതിനെ പരിഹസിച്ച് പാക്മന്ത്രി ഫവാദ് ചൗധരി. 'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' എന്നാണ് ദൗത്യം പരാജയപ്പെട്ടതിനെ കളിയാക്കി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇന്ന് പുലർച്ചെയാണ് രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യത്തില്‍ അവസാനഘട്ടത്തില്‍ അനിശ്ചിതത്വമെന്ന വിവരം പുറത്തുവന്നത്. 

ഇന്ത്യ അത്രപ്രാധാന്യത്തോടെ കണ്ട ചന്ദ്രയാന്‍ ദൗത്യത്തെ മോശമായി ചിത്രീകരിച്ച പാക് മന്ത്രിക്കെതിരെ രോഷം പുകയുകയാണ്. നിരവധി പേരാണ് പ്രകോപനപരമായ അദ്ദേഹത്തിന്‍റെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് പ്രകോപനപരമായ മറ്റൊരു ട്വീറ്റുമായി മന്ത്രി വീണ്ടും എത്തി. 

ആളുകളുടെ പ്രതികരണം കണ്ടാല്‍ ഞാനാണ് അവരുടെ ദൗത്യം പരാജയപ്പെടുത്തിയതെന്നു തോന്നും. അവരവര്‍ക്ക് കഴിയുന്ന സ്വപ്നം കണ്ടാല്‍‍ പോരേ എന്നും ഫവാദ് ചൗധരി വീണ്ടും ട്വീറ്റ് ചെയ്തു. 

ചന്ദ്രയാനില്‍ പ്രതീക്ഷ കൈവിടാതെ രാജ്യം ശ്രമങ്ങള്‍ തുടരുകയാണ്. വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. അവസാനം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ് . വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വച്ച്  നഷ്ടമാവുകയായിരുന്നു.

ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ച് വരികയാണ്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു. ഈ ഘട്ടവും വിജയകരമായിരുന്നു,. ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. ഇവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്.

ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ.