പ്രളയകാലസേവനവും ചോദ്യം ചെയ്തു; കണ്ണൻ ഗോപിനാഥന്റെ രാജിയ്ക്ക് പിന്നിൽ?

സിവിൽ സർവീസിൽ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ദാദ്ര–നഗർ ഹവേലി മുൻ ഊർജ സെക്രട്ടറി കണ്ണൻ ഗോപിനാഥിനു കേരളത്തിൽ പ്രളയകാലത്തു നടത്തിയ സേവനം മുൻനിർത്തിയും കാരണം കാണിക്കൽ നോട്ടിസ്. കഴിഞ്ഞ വർഷം പ്രളയകാലത്തു കേരളത്തിൽ നടത്തിയ സന്ദർശനത്തിന്റെ റിപ്പോർട്ടുകൾ നൽകിയിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈയിൽ നൽകിയ നോട്ടിസിൽ ആരോപിച്ചത്.

എന്നാൽ, ഗ്രാമം ദത്തെടുക്കുന്നതുൾപ്പെടെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണു റിപ്പോർട്ട് നൽകാതിരുന്നതെന്നു കണ്ണൻ മറുപടി നൽകി. പട്ടേലിന്റെ ഭാഗത്തു നിന്നുള്ള വ്യക്തിവിരോധ നടപടികളാണു സർവീസ് വിടാനുള്ള കണ്ണന്റെ തീരുമാനത്തിനു പിന്നിലെന്നാണു സൂചന.

അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിനെത്തുടർന്ന് അടിസ്ഥാനരഹിതമായ ഒട്ടേറെ കാര്യങ്ങളാണു കാരണം കാണിക്കൽ നോട്ടിസിൽ ഉൾപ്പെടുത്തിയിരുന്നത്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു രേഖകൾ സഹിതം കണ്ണൻ മറുപടിയിൽ വ്യക്തമാക്കി. പ്രളയകാലത്തു കേരളത്തിലെത്തിയതും മുഖ്യമന്ത്രിയെ കണ്ട് ഒരു കോടിയുടെ സഹായ വാഗ്ദാനരേഖ കൈമാറിയതും പട്ടേലിന്റെ അനുമതിയോടെയാണെന്നു കണ്ണൻ മറുപടി നൽകി.

ആരാണെന്നു വെളിപ്പെടുത്താതെ വൊളന്റിയർ എന്ന നിലയിലാണു തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചത്. എറണാകുളം കലക്ടറാണു തന്നെ തിരിച്ചറിഞ്ഞു മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. ഇതു പിന്നീടു വലിയ വാർത്തയായി. ജോലിയുടെ ഭാഗമായിട്ടല്ല ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്കാണു പ്രളയ മേഖലയിൽ സേവനങ്ങൾ നടത്തിയതെന്നും കണ്ണൻ ഗോപിനാഥൻ മറുപടിയിൽ വ്യക്തമാക്കി.