ലിസ്റ്റ് ചെയ്തില്ലെന്ന് കാട്ടി ചിദംബരത്തെ തള്ളി; അതേ ജഡ്ജി കഴിഞ്ഞാഴ്ച ചെയ്തത്..!


ലിസ്റ്റ് ചെയ്തില്ലെന്ന് കാരണം പറഞ്ഞാണ് പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍, ഈ വാദം നിരത്തിയ അതേ ജഡ്ജി ഒരാഴ്ച മുന്‍പ് ലിസ്റ്റ് ചെയ്യാത്ത മറ്റൊരു കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അയോധ്യക്കേസില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നു. കീഴ്‍വഴക്കം അനുസരിച്ച് തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിയായ എന്‍.വി.രമണയെ ചിദംബരത്തിന്റെ അഭിഭാഷകര്‍ സമീപിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി കേള്‍ക്കണം. ലിസ്റ്റ് ചെയ്യാത്ത കേസില്‍ വാദം കേള്‍ക്കാനാവില്ലെന്ന് അറിയിച്ച് ജസ്റ്റിസ് രമണ അടിയന്തര വാദം നിഷേധിക്കുന്നു. ഇത് സുപ്രീംകോടതിയില്‍ ഇന്നലെ നടന്നത്. ഇനി ഈ മാസം 16ന് നടന്ന കാര്യം നോക്കാം. അന്നും അയോധ്യക്കേസില്‍ വാദം നടക്കുന്നു.

സാമ്പത്തിക കുറ്റകൃത്യക്കേസില്‍ പ്രതിയായ ഭൂഷൂണ്‍ സ്റ്റീല്‍ കമ്പനി ഡയറക്ടര്‍ നിതിന്‍ ജോഹ്‍രിക്ക് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയിലെത്തി. ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് രമണയ്‍ക്ക് മുന്‍പാകെ ഹാജരായി. വിഷയം അവതരിപ്പിച്ചു. ഹൈക്കോടതി ജാമ്യം റദ്ദാക്കി. കേസ് ലിസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. ഇക്കാര്യം ചിദംബരത്തിനായി ഹാജരായി കപില്‍ സിബല്‍ ഓര്‍മിപ്പിച്ചെങ്കിലും അത് പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. അതേസമയം, സമാനമായ സാഹചര്യങ്ങളില്‍ ജഡ്ജിമാരുടെ വ്യത്യസ്തമായ നിലപാടുകള്‍ നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയായിരിക്കുകയാണ്.