രാമക്ഷേത്ര നിർമാണത്തിനായി സ്വർണ്ണക്കട്ടി നല്‍കി; ഭൂമി തന്‍റേതെന്നും വാദം

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി മുഗൾ രാജകുടുംബത്തിലെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന വ്യക്തി സ്വർണ്ണക്കട്ടി സമ്മാനമായി നൽകി. പ്രിൻസ് ഹബീബുദിൻ ടുസി എന്ന വ്യക്തിയാണ് സംഭാവന നൽകിയത്. 

ബാബറി മസ്ജിദ് നിർമിച്ച സ്ഥലവും രാം ജന്മഭൂമിയെന്ന് അറിയപ്പെടുന്ന സ്ഥലവും തന്റേതാണെന്നും തനിക്ക് അവകാശപ്പെട്ടതാണെന്നും ഇദ്ദേഹം പറയുന്നു. സുപ്രീംകോടതി തനിക്ക് ഈ ഭൂമി തിരികെ നൽകുകയാണെങ്കിൽ മുഴുവൻ ഭൂമിയും രാമക്ഷേത്രം പണിയാനായി നൽകുമെന്നും ഹബീബുദീൻ പറയുന്നു. ഭൂമി തിരികെ ലഭിക്കാനായി സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എന്നാൽ കോടതി അത് ഇതുവരെ പരിഗണയ്ക്ക് എടുത്തിട്ടില്ല.

അയോധ്യയിലെ ഭൂമിയുടെ അവകാശികളെന്ന് പറയുന്ന രാഷ്ട്രീയപാർട്ടികൾക്ക് അത് തെളിയിക്കാനുള്ള തെളിവുകൾ ഒന്നുമില്ല. എന്നാൽ ഈ ഭൂമി മുഗൾ രാജാക്കന്മാരുടേതാണെന്നും തെളിയിക്കാൻ തന്റെ പക്കൽ രേഖകളുണ്ടെന്നും ഹബീബുദീൻ അവകാശപ്പെടുന്നു. അയോധ്യയിൽ താൻ മൂന്നുതവണ പോയിട്ടുണ്ടെന്നും ഇപ്പോഴുള്ള ക്ഷേത്രത്തിൽ പ്രാർഥിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.