മകൻ മദ്യപിച്ച് അപകടമുണ്ടാക്കി; നിലപാട് വ്യക്തമാക്കി എംപി; അഭിനന്ദനം

മകൻ ഒാടിച്ച വാഹനം അപകടത്തിൽപ്പെട്ടാൽ കേസിൽ നിന്നും ഒഴിവാകാൻ ഏതു മാതാപിതാക്കളും ശ്രമിക്കും. എന്നാൽ ബിജെപി എംപി രൂപ ഗാഗുലി വേറിട്ട നിലപാടിലൂടെ ശ്രദ്ധ നേടുകയാണ്.  രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് മദ്യപിച്ച് ഒാടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അവനെ ഞാൻ സ്നേഹിക്കുന്നുണ്ട്. എന്നാൽ ഈ സംഭവത്തില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി വ്യക്തമാക്കി.  നിയമം നിയമത്തിന്റെ വഴിക്ക് പോകും. പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്‍തുകൊണ്ടുള്ള ട്വീറ്റില്‍ രൂപ ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. 

വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്മെന്‍റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ കണ്ടതാടെ വഴിയാത്രക്കാർ ഒാടിമാറി. നിയന്ത്രണം വിട്ട കാർ സമീപത്തെ മതി‌ലിൽ ഇടിച്ച് മറിയുകയായിരുന്നു. ആകാശ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിന്നീട് പിതാവെത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന്  ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു.