‘അവനെ ഞാൻ പട്ടിയെ തല്ലുന്നത് പോലെ തല്ലി; മരിച്ചു’; വീമ്പു പറഞ്ഞു; മുന്‍ ഡിസിപി കുടുങ്ങി

"അവനെ ഞാൻ പട്ടിയെ തല്ലുന്നത് പോലെ തല്ലി, അവന്റെ വൃഷണ സഞ്ചിയിൽ ആഞ്ഞുചവിട്ടി"- മുപ്പത് വർഷം മുൻപ് താൻ ചെയ്ത് കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് വീമ്പുപറഞ്ഞ മുൻ ഡിസിപി ഭീംറാവു സോനവാന കുടുങ്ങി. സിഐ ആയിരുന്ന കാലത്ത് ചെയ്ത ആ വീരസാഹസത്തെക്കുറിച്ച് വാചാലനായപ്പോൾ ഡിസിപി മുറിയിലെ സിസിടിവി ക്യാമറയെക്കുറിച്ച് ഓർത്തില്ല. ഈ സമയം മുറിയിലുണ്ടായിരുന്ന രാജേന്ദ്ര താക്കറെന്ന ബിസിനസുകാരനാണ് വിഡിയോ ക്ലിപ്പ് മുംബൈ പൊലീസിന് കൈമാറിയത്. രാജേന്ദ്ര താക്കറയും ഭീംറാവു സോനവാനയും തമ്മിൽ നീണ്ട നാളായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഈ വീമ്പുപറച്ചിൽ പ്രതികാരം ചെയ്യാനുള്ള അവസരമായി രാജേന്ദ്ര താക്കറെ ഉപയോഗിച്ചു. 

1990 മെയ് ഒന്നിന് രട്ടു ഗോസാവി എന്നയാളെ അറസ്റ്റ് ചെയ്തതും തുടർന്നുണ്ടായ സംഭവങ്ങളും ഈ വീഡിയോയിൽ സോനവാനെ വിവരിക്കുന്നുണ്ട്.  "രട്ടു ഗോസാവി വോർലി സ്വദേശിയായിരുന്നു. അവനെതിരെ 27 കേസുകളാണ് ഉണ്ടായിരുന്നത്. അവനെ കുറച്ച് കാലമായി ഞങ്ങൾ തിരഞ്ഞുനടക്കുകയായിരുന്നു... കൈയ്യിൽ കിട്ടിയപ്പോൾ അവന്റെ വൃഷണസഞ്ചിക്കൊരു ചവിട്ട് കൊടുത്തു. എപ്പോൾ ആരെ അറസ്റ്റ് ചെയ്താലും ഞാനവരെ പട്ടിയെ തല്ലുന്നത് പോലെ തല്ലാറുണ്ട്. ഇവനെയും അങ്ങനെ തന്നെ തല്ലി. അടിച്ചവന്റെ എല്ലൊടിച്ചു." 

ഏതാനും നമിഷങ്ങൾക്ക് ശേഷം സഹപ്രവർത്തകർ രട്ടുവിന് ബോധമില്ലെന്ന് വന്നുപറഞ്ഞു. അവരവനെ തന്റെ മുന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്നെന്നും താൻ പരിശോധിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടതായി മനസിലാക്കിയെന്നും ഭീംറാവു പറയുന്നു. അതിനുശേഷം ഇത് കസ്റ്റഡി മരണമല്ലെന്ന് വരുത്തി തീർത്തത് എങ്ങനെയാണെന്നും മുൻ പൊലീസ് ഉദ്യോഗസ്ഥൻ വിവരിക്കുന്നു. "പൊലീസ് സ്റ്റേഷന് മുന്നിൽ അപ്പോൾ 500 ഓളം പേരുണ്ടായിരുന്നു. മൃതദേഹം ഇവർക്ക് സംശയം ഇല്ലാത്ത വിധത്തിൽ പുറത്തേക്ക് കൊണ്ടുപോകാൻ രണ്ട് പൊലീസുകാരെ ഞാൻ പരിശീലിപ്പിച്ചു. അയാൾക്ക് ജീവനുണ്ടെന്ന് തോന്നിപ്പിക്കാൻ രണ്ട് കൈകളിലും വിലങ്ങണിയിച്ചു. ഗോസാവി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്നും അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും ഞാൻ ജനങ്ങളോട് പറഞ്ഞു."  

രട്ടുവിനെ ആശുപത്രി ജീവനക്കാർ ഐസിയുവിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. അവസാനം പൊലീസ് സർജനെക്കൊണ്ട് നിർബന്ധിപ്പിച്ചാണ് ഐസിയുവിലാക്കിയത്. രട്ടു പൊലീസ് കോൺസ്റ്റബിളിനെ വെടിവച്ചശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയതാണെന്ന് വരുത്തി തീർക്കാൻ തക്ക തെളിവുകളും കൃത്രിമമായി ഉണ്ടാക്കിയെടുത്തു. 

രഹത് പാലസ് ഹോട്ടലിൽ വച്ച് തന്റെ പൊലീസ് ഡയറി മറ്റ് പൊലീസുകാരുടെ സാന്നിധ്യത്തിൽ വീണ്ടും മറ്റൊരു ഡയറിയിലേക്ക് പകർത്തിയെഴുതിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ ഇതിൽ ഒപ്പുവച്ചുവെന്നും ഇദ്ദേഹം പറയുന്നുണ്ട്. മൂന്ന് ദിവസത്തോളം എടുത്താണ് കസ്റ്റഡി മരണ കേസ് ആത്മഹത്യയാക്കി മാറ്റിയതെന്നാണ് ഇദ്ദേഹം പറയുന്നത്. 

ഏതായാലും വിഡിയോ ദൃശ്യം ലഭിച്ചതിനെത്തുടർന്ന് പൊലീസ് 4 കേസുകൾ ഭീംറാവു സോനവാനയ്ക്കെതിരെ ചുമത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ താൻ വെറുതെ വീമ്പുപറഞ്ഞതാണെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഭീംറാവുവിന്റെ ഭാഷ്യം.