ഡല്‍ഹിയില്‍ കനത്തമഴ; പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി

ഡല്‍ഹിയില്‍ കനത്തമഴ. വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളും വെള്ളത്തില്‍ മുങ്ങി. വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെ ഒമ്പത് മണിക്കാണ് രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടങ്ങിയത്. ഡല്‍ഹി വിമാനത്താവളം, സെന്‍ട്രല്‍ ഡല്‍ഹി, ആര്‍.കെ പുരം, ദ്വാരക, കശ്മീരി ഗേറ്റ്  തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴ തുടരുകയാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. പാര്‍‍ലമെന്‍റിന്‍റെ മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും താറുമാറായി. മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ താപനിലയും താഴ്ന്നു. 28 ഡിഗ്രിയാണ് ഇന്നത്തെ താപനില. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.