23 വര്‍ഷം കഴിഞ്ഞ് കുറ്റമുക്തനായി മുഹമ്മദ് അലി ഭട്ട്; മാതാപിതാക്കളുടെ ഖബറിടത്തില്‍: കണ്ണീര്‍

നിറകണ്ണുകളോടെ നിൽക്കുന്ന മാതാപിതാക്കളെ കണ്ടുകൊണ്ടാണ് 23 വർഷം മുൻപ് മുഹമ്മദ് അലി ഭട്ട് ജയിലിലേക്ക് പോയത്. അതു തന്നെയായിരുന്നു അവസാന കാഴ്ചയും. 23 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ നാട്ടിലെത്തുമ്പോൾ അലി ഭട്ടിനെ കാത്തിരുന്നത് മാതാപിതാക്കളുടെ ഖബറായിരുന്നു. സംലേതി ബോംബ് ആക്രമണത്തിലെ പ്രതിയാണെന്ന് ആരോപിച്ചാണ് മുഹമ്മദ് അലി ഭട്ടിനെ ജയിലിലടച്ചത്. 1996 മെയ് 22നായിരുന്നു ആക്രമണം. 

എന്നാൽ 23 വർഷത്തിന് ശേഷം അലി അടക്കം അഞ്ചുപേരെയാണ് രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയാത്. പ്രധാനപ്രതിയായ ഡോ. അബ്ദുൽ ഹമീദുമായുള്ള ബന്ധം തെളിയിക്കാൻ സാധിച്ചില്ല. ശ്രീനഗര്‍ സ്വദേശിയാണ് മുഹമ്മദ് അലി ഭട്ട്. 2014 വരെ ദില്ലിയിലെ തീഹാര്‍ ജയിലിലായിരുന്നു അലിയെ താമസിപ്പിച്ചിരുന്നത്. പിന്നീട് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ ഇടയ്ക്ക് പരോൾ ലഭിച്ചിരുന്നില്ല. ജയിൽ മോചിതനായ ശേഷം അലി ആദ്യം എത്തിയത് മാതാപിതാക്കളുടെ ഖബറിടത്തിലാണ്. 

ഖബറിടത്തിലെ മണ്ണിൽ വീണ് കരയുന്ന അലിയുടെ ചിത്രം ആകാശ് ഹസ്സൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. ജയിൽ ജീവിതം അലിക്ക് മാതാപിതാക്കളെയും യൗവനത്തെയും നഷ്ടമാക്കിയെന്ന് ആകാശ് കുറിച്ചിരിക്കുന്നു.