ജയ് ശ്രീറാം വിളിച്ചില്ല, ആൾക്കൂട്ട മർദ്ദനം; രക്ഷകരായി ദമ്പതിമാർ

പ്രതീകാത്മക ചിത്രം

ജയ് ശ്രീറാം വിളിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് ആൾക്കൂട്ടം മർദ്ദിച്ച മുസ്ലീം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതിമാർ. ഔറംഗബാദിലായിരുന്നു സംഭവം. ഹോട്ടൽ ജീവനക്കാരനായ ഇമ്രാൻ ഇസ്മായിൽ പാട്ടീലിനാണ് ആൾക്കൂട്ടത്തിന്റെ മർദ്ദനം ഏറ്റത്. 

പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷമായിരുന്നു ആക്രമണം. മൂന്ന് തവണ ജയ് ശ്രീറാം വിളിച്ചാൽ വിട്ടയയ്ക്കാമെന്നായിരുന്നു ആൾക്കൂട്ടം ആക്രോശിച്ചത്. ബഹളം കേട്ടാണ് അയൽവാസികളായ ഹിന്ദു ദമ്പതിമാർ ഓടിയെത്തിയത്. ഉപദ്രവിക്കാതെ വിട്ടയയ്ക്കണമെന്ന് ഇവർ യാചിച്ചതോടെയാണ് ആൾക്കൂട്ടം പിരിഞ്ഞു പോയത്. അക്രമികളുടെ കയ്യിൽ നിന്നും ഇമ്രാന്റെ ബൈക്കിന്റെ താക്കോൽ തിരികെ വാങ്ങിയ ഇവർ ഇമ്രാൻ സുരക്ഷിതനായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളുടെ ഭീഷണിയെ തുടർന്ന് സംഘത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല.