ഇതാണ് ആ ട്രെയിനില്‍ സംഭവിച്ചത്; ഇതാണ് ചെയ്യേണ്ടത്; പീഡനത്തിനിരയായ സ്ത്രീയുടെ കുറിപ്പ്

വീട്ടിലും ജോലിസ്ഥലങ്ങളിലും യാത്ര ചെയ്യുന്ന ഇടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണ്. ട്രെയിനിലും ബസിലുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇത്തരത്തില്‍ നിരവധി പരാതികളുമായി രംഗത്തെത്താറുമുണ്ട്. 

ഇത്തരത്തില്‍ ട്രെയിനില്‍ വെട്ട് ലൈംഗികപീഡനത്തിനിരയായ സ്ത്രീയുടെ ട്വിറ്റര്‍ കുറിപ്പുകള്‍ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെയാണ് താന്‍ ആ അവസ്ഥയെ അതിജീവിച്ചതെന്നും ഇത്തരം പീഡനങ്ങളെ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും എഫ്ഐആര്‍ ഫയല്‍ ചെയ്യേണ്ടത് എങ്ങനെയാണെന്നും ട്വിറ്റര്‍ കുറിപ്പുകളില്‍ പറയുന്നു. 

ശതാബ്ദി എക്സ്പ്രസില്‍ വെച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞാണ് കുറിപ്പുകള്‍ തുടങ്ങുന്നത്. ''ടിടിആറിന് നമുക്കറിയാത്ത പല അധികാരങ്ങളും ഉണ്ട്, ചിലപ്പോള്‍ ഒരു പോലീസ് ഓഫീസര്‍ക്ക് ഉള്ളതിനേക്കാധികം. എന്റെ സഹയാത്രികാനാലാണ് ഞാന്‍ പീഡിപ്പിക്കപ്പെട്ടത്. നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം ഉറക്കെ കരയുക എന്നതാണ്. നിങ്ങളുടെ അടുത്തുള്ള ആളുകളെല്ലാം വിവരം അറിയണം. അവര്‍ നിങ്ങളുടെ സഹായത്തിന് എത്തിയില്ലെങ്കിലും അറിഞ്ഞിരിക്കണം, ഇത്തരത്തിലൊന്ന് സംഭവിച്ചെന്ന്. എന്റെ കാര്യത്തില്‍ ടിടി അടുത്തില്ലായിരുന്നു. പാന്‍ട്രിയിലുള്ള ഒരാളോട് ടിടിെയയോ പൊലീസിനെയോ വിവരമറിയിക്കാന്‍ ഞാന്‍ പറഞ്ഞു. ടിടി എത്തുന്നതിനു മുന്‍പേ ആര്‍പിഎഫ് എത്തി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഉദ്യോഗസ്ഥരോടൊപ്പം അടുത്ത സ്റ്റേഷനില്‍ ഞാനിറങ്ങി. 

നിങ്ങള്‍ നിര്‍ബന്ധമായും പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടിയിരിക്കണം. എല്ലാ ട്രെയിന്‍ സ്റ്റേഷന്റെ അടുത്തും ഒരു പോലീസ് സ്റ്റേഷന്‍ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമായും പറയുക. പരാതി എഴുതിനല്‍കാന്‍ അവര്‍ ആവശ്യപ്പെടും. അങ്ങനെ ചെയ്യുക. എഫ്ഐആര്‍ ഫില്‍ ചെയ്യാതെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങരുത്. ഞാന്‍ 3 മണിക്കൂറോളം സ്റ്റേഷനിലുണ്ടായിരുന്നു. സമയമെടുക്കും, പക്ഷേ പിന്നോട്ടു പോകരുത്. ഇതിനിടെ സംഭവിച്ച കാര്യങ്ങളെല്ലാം എവിടെയെങ്കിലും എഴുതിവെക്കണം. 

എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസുകാര്‍ വിസമ്മതിച്ചാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുക. 100 ാണ് നമ്പര്‍. വുമണ്‍ ഹെല്‍പ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് സീറോ എഫ്ഐആര്‍ നല്‍കാം. നിങ്ങളുടെ സ്റ്റേറ്റ്മെന്റിന്റെ കോപ്പികള്‍ എടുത്തുവെക്കുക, അതൊരു ഫോട്ടോ ആണെങ്കില്‍ പോലും. നിങ്ങളുടെ പരാതി ലഭിച്ചു എന്ന കാര്യം പൊലീസുകാരില്‍ നിന്ന് എഴുതി വാങ്ങുക. ഇത് പ്രധാനപ്പെട്ട തെളിവാണ്. പരാതിയുടെ ചിത്രവുമെടുക്കുക. 

പിറ്റേന്ന് അവരെന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ക്കെതിരെയാണോ പരാതിപ്പെട്ടത് അയാളുടെ കുടുംബത്തെയും കുട്ടികളെയും ഓര്‍ക്കണമെന്ന് പറ‍ഞ്ഞു. ഞാന്‍ പിന്‍മാറിയില്ല, എന്റെ ട്രെയിന്‍ ടിക്കറ്റും തെളിവായി സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരുടെ മുന്നില്‍ മാറിമാറി നിങ്ങള്‍ക്ക് സംഭവിച്ചതെന്തെന്ന് വിശദീകരിക്കേണ്ടിവരും. പക്ഷേ പിന്‍മാറരുത്. നിങ്ങളുടെ സ്റ്റേറ്റ്മെന്റിലെ പഴുതുകള്‍ കണ്ടെത്താന്‍ അവര്‍ നോക്കും. പക്ഷേ ആദ്യം പറഞ്ഞതില്‍ നിന്നും വ്യതിചലിക്കരുത്. 

മൂന്നാംദിവസം വിഷയം കോടതിയിലെത്തി. അവിടെയും നിങ്ങള്‍ സ്റ്റേറ്റ്മെന്റ് ആവര്‍ത്തിക്കണം. അനന്തരഫലങ്ങളെക്കുറിച്ച് ജഡ‍്ജിയും മുന്നറിയിപ്പ് നല്‍കും. പക്ഷേ പിന്‍മാറരുത്. 

ഇതിനിടെ സംഭവിച്ച കാര്യങ്ങള്‍ നിങ്ങളുടെ കുടുംബാഗങ്ങളോടും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞിരിക്കണം. സാക്ഷികളായി അവരെയും വിളിപ്പിച്ചേക്കാം. ഇതൊരു ക്രിമിനല്‍ കേസ് ആണ്. കേസ് വാദിക്കാന്‍ നിങ്ങള്‍ക്ക് വക്കീലിനെ ആവശ്യമില്ല. സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഉണ്ടാകും. നിങ്ങള്‍ക്കു വേണ്ടി അയാള്‍ വാദിക്കും. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കോടതിയില്‍ ചെലവഴിക്കേണ്ടി വന്നേക്കാം. പക്ഷേ, പിന്നീട് പോകേണ്ടിവരില്ല. 

നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കുക. സഹായത്തിന് പൊലീസുകാരും കോടതി ഉദ്യോഗസ്ഥരുമൊക്കെ ഉണ്ടാകും. ഒത്തുതീര്‍പ്പാക്കിയാലെന്താ എന്ന് നിങ്ങളോട് ചോദിക്കും, പക്ഷേ സമ്മതിക്കരുത്. 

കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റും പൊലീസിന് നല്‍കിയ സ്റ്റേറ്റ്മെന്റ്ും പരിശോധിക്കപ്പെടും. അതില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന് നോക്കും. ഇതുകൊണ്ടൊക്കെയാണ് സംഭവിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതിവെക്കണമെന്ന് പറയുന്നത്. കാരണം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം മുതല്‍ ഒരുപോലെ ആയിരിക്കണം. 

വിശദമായ അന്വേഷണത്തിനു ശേഷം നിങ്ങള്‍ പിന്നെ നേരിട്ട് ഹാജരാകേണ്ട ആവശ്യമേ ഇല്ല. ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്, ഞാന്‍ വീട്ടിലാണ്''...

അനുഭവം പങ്കുവെച്ച സ്ത്രീക്ക് നിരവധി പ്രശംസകളാണ് സമൂഹമാധ്യമങ്ങളില്‍. നിരവധി പേരാണ് ട്വീറ്റുകള്‍ ഷെയര്‍ ചെയ്യുന്നത്.