15,000 അടി ഉയരത്തിൽ ആയുധം വിന്യസിച്ചു; അന്ന് പാക്ക് സേനയെ ഒാടിച്ച് പോർവിമാനങ്ങൾ

രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ആ വിജയത്തെ കുറിച്ച് വർഷങ്ങൾക്കിപ്പുറമുള്ള തുറന്നു പറച്ചിലും വാനോളം പ്രശംസ നേടുകയാണ്. 'കാര്‍ഗില്‍ യുദ്ധത്തിനിടെ 15,000 അടി ഉയരത്തില്‍ സ്ഥിരമായി ആയുധങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ലോകത്തെ ഒരു രാജ്യവും ചെയ്യാത്തതായിരുന്നു അത്'– മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദുറിന്റെ വാക്കുകള്‍‍. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിനിടെയാണ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ യുദ്ധത്തിനിടെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. അന്നുവരെ പ്രചാരത്തിൽ ഇല്ലാതിരുന്ന പല സാങ്കേതിക വിദ്യകളും യുദ്ധസമയത്ത് വ്യോമസേന ഉപയോഗിച്ചെന്നും ഇവര്‍ പറയുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയത് വലിയ ദൗത്യമായിരുന്നു. 

1999 മെയ് മാസത്തിലാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. അതിര്‍ത്തി കടന്ന് പാക്ക് സംഘങ്ങള്‍ ഇന്ത്യന്‍ അധീന കശ്മീരില്‍ ക്യാംപുകള്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഇത്. മൂന്നുമാസത്തോളം നീണ്ട യുദ്ധത്തിനൊടുവിലാണ് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം തുരത്തിയത്. യുദ്ധത്തിനിടെ വ്യോമസേനയുടെ പ്രകടനം ഇന്ത്യന്‍ സേനക്ക് വലിയ മുന്‍തൂക്കമാണ് നല്‍കിയത്. പ്രത്യേകിച്ച് വ്യോമാക്രമണങ്ങള്‍ കരസേനയുടെ നീക്കങ്ങള്‍ എളുപ്പമാക്കി- എയര്‍ചീഫ് മാര്‍ഷലിന്റെ സ്റ്റാഫ് ഓഫിസറായിരുന്ന എ.വൈ. ടിപ്‌നിസ് പറഞ്ഞു. 

ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങളാണ് വ്യോമസേന ശേഖരിച്ചത്. പ്രത്യേകിച്ച് എത്ര സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ട്. ഇവര്‍ എവിടെയൊക്കെയാണുള്ളത്. ഓരോ സംഘത്തിലും എത്ര പേരുണ്ട് തുടങ്ങി പല വിവരങ്ങളും വ്യോമസേനക്ക് ശേഖരിക്കാനായി. യുദ്ധത്തിന്റെ തുടക്കത്തില്‍ എത്ര സംഘങ്ങള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നതിന്റെ വിവരങ്ങള്‍ കരസേനയുടെ പക്കലുണ്ടായിരുന്നില്ല. പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടിയുള്ള ഭക്ഷണവും ആയുധവും വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണവും നിര്‍ണ്ണായകമായി. വ്യോമസേനയുടെ ഈ ആക്രമണങ്ങളാണ് കാര്‍ഗിലില്‍ പാക്ക് മനോവീര്യം തകര്‍ത്തുകളഞ്ഞതെന്നും മുന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ പറയുന്നു. 

അന്നുവരെ ഉപയോഗിക്കാതിരുന്ന പല സെന്‍സറുകളും മറ്റും വ്യോമസേന കാര്‍ഗിലില്‍ പരീക്ഷിച്ചു. ജി.പി.എസ് പ്രതിരോധ നിരീക്ഷണത്തിന് വ്യോമസേന ആദ്യമായി ഉപയോഗിച്ചതും അന്നായിരുന്നു. ഇത്തരം സാങ്കേതിക വിദ്യയുടേയും സൈന്യത്തിന്റെ തന്ത്രങ്ങളുടെയും ഫലമാണ് കാര്‍ഗിലില്‍ കണ്ടതെന്നും മുന്‍ വ്യോമസേനാംഗങ്ങള്‍ പറയുന്നു.