അന്ന് ഗൗഡമാരുമായി പോരടിച്ചു; ഇന്ന് കുമാരസ്വാമിക്കായി പോരാട്ടം: ഡി.കെയുടെ ജീവിതം

കോൺഗ്രസിന്റെ ഒന്നാന്തരം ‘ക്രൈസിസ് മാനേജരാ’ണെന്നു വീണ്ടും തെളിയിക്കുകയാണ് ഡി.കെ.ശിവകുമാർ. എന്നാൽ ഇൗ പോരാട്ടത്തിൽ വിജയം അത്ര ഉറപ്പല്ലെന്ന് മാത്രം. സ്വദേശമായ കനക്പുരയിൽ നിയമങ്ങളെല്ലാം ലംഘിച്ചു ശിവകുമാറിന്റെ രാജവാഴ്ചയാണെന്നും അതു ‘കനക്പുര റിപ്പബ്ലിക്’ ആണെന്നും കളിയാക്കിയത് ഇപ്പോഴത്തെ സഖ്യസർക്കാരിനെ നയിക്കുന്ന എച്ച്.ഡി.കുമാരസ്വാമിയാണ്. എന്നാൽ ആ ശത്രുതയെല്ലാം മറന്നാണ് ഡി.കെ കുമാരസ്വാമിയെ കർണാടകയുടെ മുഖ്യനാക്കിയത്. ഇപ്പോള്‍ ആടിയുലയുന്ന ആ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ പെടാപ്പാടിലും. 

രാമനഗരയെന്ന ഒരേ തട്ടകത്തിൽ കൊണ്ടും കൊടുത്തും വളർന്നവരാണു ശിവകുമാറും കുമാരസ്വാമിയും. രണ്ടുപേരും വൊക്കലിഗ സമുദായക്കാർ. 2002ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച എച്ച്.ഡി.ദേവെഗൗഡയെ രണ്ടു വർഷത്തിനു ശേഷം പുതുമുഖ സ്ഥാനാർഥിയെ ഇറക്കി മലർത്തിയടിച്ച ചരിത്രവുമുണ്ട് ശിവകുമാറിന്. ഡി.കെ. കേന്ദ്ര നേതൃത്വത്തിന് നൽകിയ ഉറപ്പിലാണ് ടിവി അവതാരക തേജസ്വിനി ഗൗഡ 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗഡയ്ക്കെതിരെ മൽസരിച്ചത്. ഫലം ഒന്നേകാൽ ലക്ഷം വോട്ടിന്റെ അഭിമാന വിജയം. 2002ൽ  മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലെ റിസോർട്ടിൽ പാർപ്പിച്ചതും ശിവകുമാർ തന്നെ. ബിജെപിയുടെ ബെള്ളാരി റെഡ്ഡിമാരോടു കട്ടയ്ക്കുനിൽക്കാൻ കോൺഗ്രസിനു ഡികെയേ ഉള്ളൂ. 

തൊട്ടുപിന്നാലെ ആദായനികുതി റെയ്ഡുകളുടെ പ്രളയമുണ്ടായപ്പോഴും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സമ്മർദം ചെലുത്തി ബിജെപിയിൽ എത്തിക്കാൻ ശ്രമമുണ്ടെന്ന അഭ്യൂഹം ശക്തമായപ്പോഴും കോൺഗ്രസിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം. ശിവകുമാറിനെതിരെ രണ്ടു ദിവസം തുടര്‍ന്ന റെയ്ഡിൽ ഡൽഹി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നായി 11.43 കോടി രൂപയാണ് കണ്ടെടുത്തത്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെ ലോക്കറുകളുടെ രഹസ്യ പാസ്‌വേഡ് പറയാൻ തയാറാകാത്തതിനെ തുടർന്ന് പൂട്ടുകൾ പൊളിച്ചാണ് രേഖകൾ പുറത്തെടുത്തത്. ശിവകുമാർ കീറിയെറിഞ്ഞ ഡയറിത്താളുകളിൽ നിന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു മൂന്നു കോടി രൂപ നൽകിയെന്ന രേഖ കണ്ടെത്തിയതായി അന്ന് അഭ്യൂഹങ്ങൾ പരന്നു. ഇതിനെയെല്ലാം അതിജീവിച്ച് കരുത്തനായ നേതാവായി ഡി.കെ.ശിവകുമാര്‍ കര്‍ണാടകയില്‍ തുടര്‍ന്നു

ഗൗഡ കുടുംബത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് 57കാരനായ ഡി.കെ.ശിവകുമാര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്നത്. 1989ല്‍ സത്തനൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ശിവകുമാറിന് ജയില്‍മന്ത്രിയുടെ ചുമതല നല്‍കി. പിന്നീട് ദേവെഗൗഡ സര്‍ക്കാർ അധികാരത്തില്‍വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായി മാറി. എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. 

2002 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവെഗൗഡയ്ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശിവകുമാര്‍ ഒതുക്കപ്പെട്ടു. എന്നാല്‍ നേതൃത്വത്തിനെതിരെ പരാതി പറഞ്ഞില്ല. 2014ല്‍ ഊര്‍ജമന്ത്രിയായി. 2017ല്‍ കർണാടക പിസിസി പ്രസിഡന്റാകാനുള്ള അവസരം ലഭിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതിനാല്‍ നടന്നില്ല. അപ്പോഴും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും സിദ്ധരാമയ്യയ്ക്കെതിരെയും ഒന്നും പറയാതെ ശിവകുമാര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു. ഇപ്പോൾ വളരെ നിർണായകമായൊരു ഘട്ടത്തിൽ കോൺഗ്രസിനായി അയാൾ കരുത്തോടെ പോരടിക്കുകയാണ്.