കേന്ദ്ര ബജറ്റ്; പ്രവാസികൾക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാര്‍

പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഒട്ടും കാത്തിരിക്കാതെ ആധാര്‍ കാര്‍ഡ് ലഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലായി ചുരുക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഏഴായിരം കോടി രൂപ മാറ്റിവച്ചു.

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് ഇനി കാത്തിരിക്കേണ്ട. നാട്ടിലെത്തിയാല്‍ ഉടന്‍ ആധാര്‍ ലഭിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. നേരത്തെ ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു. പ്രവാസികള്‍ക്കായുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനവും ഇതാണ്. പ്രവാസികള്‍ക്കായി നാല് പുതിയ എംബസികളും പ്രഖ്യാപിച്ചു. 

തൊഴില്‍ നിയമങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും. നിയമങ്ങള്‍ നാലായി ചുരുക്കും. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി ടെലിവിഷന്‍ ചാനല്‍ തുടങ്ങും. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചു. ഒന്ന്, രണ്ട്, അഞ്ച്,പത്ത്, ഇരുപത് നാണയങ്ങള്‍ ഉടന്‍ ജനങ്ങളിലേക്കെത്തിക്കും. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്.