യാഗം, പ്രതിഷേധം; ഒടുവിൽ ജലട്രെയിനുകൾ എത്തുന്നു; ചെന്നൈയ്ക്ക് ആശ്വാസം

ചെന്നൈ നഗരത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ജലട്രെയിനുകളെത്തുന്നു. തിരുവെള്ളൂര്‍ ജില്ലയിലെ ജോലാര്‍പേട്ടയില്‍ നിന്ന് ദിവസവും ഒരു കോടി  ലിറ്റര്‍ വെള്ളം ട്രെയിന്‍ മാര്‍ഗം  നഗരത്തിലെത്തിക്കാനാണ് തീരുമാനം  അതിനിടെ മഴയ്ക്കു വേണ്ടി ഭരണകക്ഷിയായ  അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി യാഗം നടത്താന്‍ തീരുമാനിച്ചു.അതേസമയം  ജലപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഇന്ന് തമിഴ്നാട്ടില്‍ വ്യാപകമായ  പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും 

കുടിനീരില്ലാതായ ലാത്തൂരിലേക്ക് വെള്ളവുമായി ട്രെയിന്‍ വരുന്ന കാഴ്ചയ്ക്ക് മൂന്നുകൊല്ലത്തെ പഴക്കമുണ്ട്. ഇതേ സമയം ചെന്നൈ നിവാസികള്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കഴുത്തെറ്റം വെള്ളത്തിലായിരുന്നു. പിന്നീടിങ്ങോട്ട് മഴ ചെന്നൈയോട് പിണങ്ങി.ഭൂമിക്കു ദാഹിച്ചു. കുഴല്‍കിണറുകള്‍ക്ക് ആഴം കൂടികൊണ്ടേയിരുന്നു. ഇനി ആകെ രക്ഷ ലാത്തൂരിലേതു പോലെ ജലട്രെയിനുകളാണ്.വെല്ലൂര്‍ ജില്ലയിലെ  ജോലാര്‍പെട്ടില്‍ നിന്ന് ദിവസം ഒരു കോടി ലിറ്റര്‍ വെള്ളമാണ് എത്തിക്കുന്നത് .ആറു മാസത്തേക്ക് ഇങ്ങിനെ ചെന്നൈയുടെ ദാഹം തീര്‍ക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍ 

ഇതുകൊണ്ടൊന്നും ജലക്ഷാം പരിഹരിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരിനു ബോധ്യമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദിനംപ്രതി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം നല്‍കണമെന്ന് കേരളത്തോട് അഭ്യര്‍ഥിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.