പെട്രോളിനും ഡീസലിനും ക്യൂ നിൽക്കേണ്ട; സൂപ്പർമാർക്കറ്റിൽ ലഭിക്കും

പെട്രോളും ഡീസലും ലഭിക്കാന്‍ ഇനിമുതല്‍ പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ധനം ലഭ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. 

വാഹനങ്ങളില്‍ പെട്രോളും ഡീസലും നിറയ്ക്കാന്‍ പമ്പുകളില്‍ പോകുന്ന പതിവ് ഇനി ഒഴിവാക്കാം. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കൂട്ടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇനിമുതല്‍ ഇന്ധനവും വാങ്ങാം. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ പെട്രോളിയം മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 

അടിസ്ഥാന സൗകര്യവും ബാങ്ക് ഗ്യാരണ്ടിയും വേണമെന്നതുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തും. സാമ്പത്തികവിദഗ്ധന്‍ കീറിത്ത് പരീഖ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് നിര്‍ദേശം. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, സൗദി അരാംകോ തുടങ്ങിയ വന്‍കിട ഭീമന്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്ധനം വീടുകളിലെത്തിക്കുന്ന പദ്ധതി നിലവില്‍ പുനൈയില്‍ നടപ്പാക്കിയിട്ടുണ്ട്.