ശക്തിയാർജിച്ച് ‘വായു’ ഗുജറാത്ത് തീരത്തേക്ക്; 60 ലക്ഷം പേരെ ബാധിക്കും

ഗുജറാത്ത്‌ തീരത്തേക്ക് അടുക്കുന്ന വായു ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചു. നാളെ രാവിലെ തീരം തൊടുന്ന കാറ്റ് മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ  വീശുമെന്നാണ് മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച് തീരമേഖലകളിൽനിന്ന് മാത്രം പതിനായിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചു.

ചുഴലിക്കാറ്റ് 60 ലക്ഷം പേരെ ബാധിക്കുമെന്നാണ്  ഗുജറാത്ത്‌ സർക്കാരിന്റെ വിലയിരുത്തൽ. പോർബന്തർ, ബഹുവ, ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ  വായു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നാണ് പ്രവചനം. ഗുജറാത്ത്‌ തീരത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ തീരത്ത് കര, നാവിക, വ്യോമ സേനകൾ നിലയുറപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ജാമ്‌നഗർ എന്നീ വിമാനത്താവളങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ചെറു വിമാനങ്ങളൂം ഹെലികോപ്റ്ററുകളും എത്തിച്ചു. വിജയവാഡയിൽ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ 165 അംഗ യൂണിറ്റുമെത്തി.

ടൂറിസ്റ്റുകളടക്കം തീര പ്രദേശത്തുള്ളവർ എത്രയും പെട്ടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാണി  ആവശപ്പെട്ടു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകൾക്കും സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.