കുത്തബ് മീനാറോളം ഉയർന്ന മാലിന്യമല; പുത്തൻ ശ്രമങ്ങൾ; പ്രതീക്ഷ

കുത്തബ് മീനാറിനോളം ഉയരമുള്ള ഒരു വമ്പന്‍ മാലിന്യമല. ഡല്‍ഹിയെന്ന മഹാനഗരത്തിന്‍റെ അഴുക്കും അവശിഷ്ടങ്ങളും ഏറ്റുവാങ്ങി മാനംമുട്ടി പെരുകിക്കൊണ്ടിരിക്കുകയാണ് ഗാസിപുരിലെ മാലിന്യക്കൂമ്പാരം. ആ മാലിന്യമലയിടിച്ച് തകര്‍ത്ത് രാജ്യതലസ്ഥാനത്തിന്‍റെ മുഖം മിനുക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തില്‍ പങ്കുവെയ്ക്കുന്നത്.  

കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്ന... നായകള്‍ വിശപ്പടക്കാന്‍ എച്ചില്‍ ചികയുന്ന... വിവിധ പ്രദേശങ്ങളില്‍ നിന്ന് മാലിന്യവും പേറി ട്രക്കുകള്‍ നിരന്തരം പാഞ്ഞെത്തുന്ന... നിറംമങ്ങിയ ജീവിതം അരിഷ്ടിച്ച് തള്ളിനീക്കാന്‍ ഒരുപിടി മനുഷ്യര്‍ ആശ്രയിക്കുന്ന... ഈ മാലിന്യമലയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മിനാരമായ കുത്തബ്മിനാറിനോളം ഉയരമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. 65 മീറ്ററാണ് ഗാസിപുരിലെ ഈ മാലിന്യമലയുടെ ഉയരം. കുത്തബ്മീനാറിനേക്കാള്‍ എട്ട് മീറ്റര്‍ കുറവ്. 29 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. വികസനത്തിന്‍റെ പതിവ് ശീലങ്ങള്‍ മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്ന ഒാര്‍മ്മപ്പെടുത്തലാണ് ഈ മാലിന്യമല

മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന തൊഴിലെടുക്കുന്ന മനുഷ്യര്‍ ഗുരുതരമായി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. പുത്തനുടുപ്പും പാഠപുസ്തകങ്ങളും വിദൂരസ്വപ്നങ്ങളില്‍പ്പോലുമില്ലാത്ത നരകയറിയ ബാല്യങ്ങളുണ്ടിവിടെ. മാലിന്യമല ഇടിഞ്ഞു വീണ് 2017ല്‍ രണ്ട് പേര്‍ മരിച്ചു. ഏതായാലും ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. മാലിന്യം സംസ്ക്കരിച്ച് ഉൗര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രതിദിനം മുന്നൂറ് മെട്രിക് ടണ്‍ മാലിന്യം സംസ്ക്കരിക്കാനാകും. വിജയിച്ചാല്‍ നഗരത്തില്‍ നാല് മാലിന്യസംസ്ക്കരണ പ്ലാന്‍റുകൂടി സ്ഥാപിക്കാനാണ് തീരുമാനം.