ഇതാ ‘ഒഡീഷയുടെ മോദി’; ഒരു കുടിലും സൈക്കിളും സ്വന്തം; അറിയണം ഇൗ ജീവിതം

ജീവിതം കൊണ്ട് വേറിട്ട വലിയ ഉദാഹരണമാവുകയാണ് ബിജെപിയുടെ ഒഡീഷയിൽ നിന്നുള്ള എംപി പ്രതാപ് ചന്ദ്ര സാരംഗി. ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ സജീവ ചർച്ചയാകുന്നത്. ഒഡീഷയിലെ ബാലസോർ എന്ന മണ്ഡലത്തിൽ നിന്നും ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാർഥി രബീന്ദ്ര ജീനയെ 12956 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിത്.

ഒഡീഷയുടെ നരേന്ദ്രമോദി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അവിവാഹിതനായ ഇദ്ദേഹം അമ്മയ്ക്കൊപ്പമാണ് ഇത്രനാളും ജീവിച്ചത്. എന്നാൽ കഴിഞ്ഞ വർഷം അമ്മ മരിച്ചതോടെ ഇദ്ദേഹം ഒറ്റയ്ക്കായി. എന്നാൽ പ്രതാപ് ചന്ദ്രയ്ക്ക് സ്വന്തമായി ഒരു വലിയ വിഭാഗം തന്നെ ഒപ്പമുണ്ട്. ആദിവാസികളടങ്ങുന്ന അടിസ്ഥാനവർഗത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് വലിയ ജനസമ്മതിയാണ് മണ്ഡലത്തിൽ. ഒാട്ടോറിക്ഷയിലും സൈക്കിളലും നടന്നുമൊക്കെ പ്രചാരണം നടത്തുന്ന ഇദ്ദേഹത്തെ കുറിച്ച് പ്രചാരണ സമയത്തും വലിയ ചർച്ചകൾ നടന്നിരുന്നു. 

ഡൽഹിയിലേക്ക് പോകാൻ തന്റെ ഒാലക്കുടിലിൽ നിന്നും പെട്ടിയിൽ തന്റെ വസ്ത്രങ്ങളും പുസ്തകങ്ങളും എടുത്ത് വയ്ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഇപ്പോൾ‌ പുറത്തുവന്നിരുന്നു. സ്വന്തമായി ഇൗ കുടിലും ഒരു സൈക്കിളും മാത്രമാണ് ഇൗ എംപിയുടെ ആകെ സമ്പാദ്യം. ചെറുപ്പം മുതലേ ആത്മീയ കാര്യങ്ങളിൽ തൽപരനായിരുന്ന പ്രതാപ്ചന്ദ്ര സന്യാസം സ്വീകരിക്കാനായി ശ്രീരാമകൃഷ്ണ മഠത്തിൽ ചെന്നെങ്കിലും അവിടെയുള്ള മുതിർന്ന സന്യാസിമാർ ഇദ്ദേഹത്തെ മാതാവിനെ പരിചരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. മടങ്ങി എത്തിയ അദ്ദേഹം പിന്നീട് അമ്മയെ പരിചരിച്ചും ആദിവാസി വിഭാഗത്തിന് വേണ്ടിയും പ്രവർത്തിച്ച് മുന്നോട്ടുപോവുകയായിരുന്നു. വിദ്യാഭ്യാസം എത്തിനോക്കാതിരുന്ന ബാലസോറിലെ ആദിവാസി മേഖലകളിൽ നിരവധി സ്കൂളുകളാണ് ഇദ്ദേഹം ആരംഭിച്ചത്. ആർഎസ്എസിന്റെ സജീവപ്രവർത്തകനായ ഇദ്ദേഹം മദ്യത്തിനും അഴിമതിക്കുമെതിരെ ശക്തമായി പ്രവർത്തിച്ചു പോരുന്നു.