പ്രതിപക്ഷം ചൗക്കിദാർമാരായി; രാവും പകലും വോട്ടിങ് മെഷീനുകൾക്ക് കാവൽ

പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ ‘ചൗക്കിദാർ’മാരായ കാഴ്ചയാണ് ഇന്നലെ രാത്രി രാജ്യത്തിന്റെ പല ഭാഗത്തും കണ്ടത്. തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രത്തിന് കാവലിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

ഉത്തര്‍പ്രദേശിലും ബിഹാറിലും പഞ്ചാബിലും വോട്ടിങ് മെഷീനുകള്‍ അനധികൃത കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നതിന്റേയും നീക്കുന്നതിന്റേയും  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് മെഷീനുകൾക്ക് കാവൽക്കാരായി പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും എത്തിയത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനൊപ്പം എസ്പി-ബിഎസ്പി പ്രവര്‍ത്തകരും സ്‌ട്രോങ് റൂമിന് മുന്നില്‍ പകലും രാത്രിയും കാവലിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് ഭോപ്പാലിലെ സ്ഥാനാര്‍ഥിയുമായ ദിഗ് വിജയ് സിങ് രാത്രിയില്‍ നഗരത്തിലെ സെന്‍ട്രല്‍ ജയിലിലുള്ള സ്‌ട്രോങ് റൂമില്‍ സന്ദര്‍ശനം നടത്തി. കാവലിരിക്കുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ സ്‌ട്രോങ് റൂമിന് മുന്നില്‍ കാവലാണ്.എക്‌സിറ്റ് പോള്‍ ഫലത്തില്‍ ആശങ്കപ്പെടാതെ എല്ലാ പ്രവര്‍ത്തകരും സ്‌ട്രോങ് റൂമിന്റെ കാവല്‍ ശക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.