അയോധ്യയിലെ സീതാരാമ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന്; സൗഹൃദക്കാഴ്ച

പുണ്യഭൂമി എന്നതിലുപരി അയോധ്യ തലക്കെട്ടിൽ നിറയാറുള്ളത് മറ്റ് പലതിന്‍റെയും കൂടി പേരിലാണ്. എന്നാൽ ഈ റമദാന്‍ മാസത്തിൽ അയോധ്യയിലെ ശ്രീ സീതാരാമക്ഷേത്രം മഹത്തായ സന്ദേശം നൽകിയാണ് ശ്രദ്ധേയമാകുന്നത്.

അയോധ്യയിലെ മുസ്ലിം വിശ്വാസികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കിയാണ് ക്ഷേത്രഭാരവാഹികൾ മാതൃകയാകുന്നത്. പുണ്യമാസത്തിൽ വൈരം മറന്ന് ലോകത്തിന് മുൻപാകെ സഹോദര്യത്തിന്റെ സന്ദേശം പകരാനാണ് ഇത്തരമൊരു വിരുന്ന് സംഘടിപ്പിച്ചതെന്ന് ക്ഷേത്രത്തിലെ പൂജാരി യുഗൾ കിഷേർ പറഞ്ഞു.

ഇത് മൂന്നാമത്തെ തവണയാണ് ക്ഷേത്രം ഇഫ്താർ വിരുന്നൊരുക്കുന്നത്. ഭാവിയിലും തുടരും. ഞങ്ങൾ എല്ലാ ഉൽസവവും സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ചാണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങൾ ഒരുമിക്കരുെതന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം കൂട്ടായ്മയ്ക്ക് തടസം നിൽക്കുന്നത്. രാഷ്ട്രീയലാഭത്തിന് വേണ്ടി മതം ആയുധമാക്കുന്നവർക്ക് മുന്നിലേക്കാണ് യുഗൽ കിഷോറിനെപ്പോലെയുള്ളവർ ഇത്തരം സന്ദേശവുമായി എത്തുന്നതെന്ന് വിരുന്ന് പങ്കെടുത്ത മുജ്മിൽ ഫിസ വ്യക്തമാക്കി.