ഗോഡ്സെയുടെ പിറന്നാൾ ആഘോഷിച്ചു; 6 ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍‌

മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പിറന്നാൾ ആഘോഷിച്ച ആറ് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഹിന്ദുമഹാസഭാ പ്രവർത്തകരാണ് പിടിയിലായത്. സൂറത്തില്‍ ലിംബായത്ത് മേഖലയിലുള്ള സൂര്യമുഖി ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു പിറന്നാളാഘോഷം.

ക്ഷേത്രത്തിൽ ചുറ്റുവിളക്ക്‌ വെച്ചും ഗോഡ്സെയുടെ ചിത്രത്തിന് മുന്നിൽ ചിരാതുകൾ കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേമമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. ഇതെല്ലാം കവർ ചെയ്യാൻ പ്രാദേശിക ചാനലിന്റെ ക്യമറാമാനെയും ഇവർ ക്ഷണിച്ചു. ഇതെല്ലാം ചാനൽ സംപ്രേഷണം ചെയ്തതോടെ ക്ലിപ്പുകൾ സമൂഹമാധ്യമത്തിലും വൈറലായി. 

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനായ ഹിരണ്‍ സുമ്ര എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. ഇയാള്‍ തന്നെയാണ് ഈ ക്ഷേത്രത്തിലെ പൂജാരി. പതിനഞ്ചിലധികം യുവാക്കളും ആഘോഷത്തിൽ പങ്കെടുത്തു.