ഗോഡ്സെയെ പിടികൂടിയ രഘുനായിക്കിന്റെ വിധവയ്ക്ക് 5 ലക്ഷം; അമ്പരപ്പിച്ച് ഒഡിഷ മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് കളത്തിൽ ഗോഡ്സെ വിവാദം വലിയ ചർച്ചകൾക്കാണ് തുടക്കിമിട്ടിരിക്കുന്നത്. സ്വന്തന്ത്ര്യ ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആയിരുന്നെന്ന കമൽഹാസന്റെ പ്രസ്ഥാവന തമിഴ്നാട്ടിൽ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിനെതിരെ ബിജെപി, ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പേറ് വരെ നടത്തി. ഇപ്പോഴിതാ ഒഡീഷ മുഖ്യമന്ത്രിയുടെ ഒരു പ്രവൃത്തി തിരഞ്ഞെടുപ്പിൽ സജീവചർച്ചയാവുകയാണ്. നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്‍റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകിയിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്.

രഘു നായകിന്‍റെ ഭാര്യ മണ്ഡോദരി നായകിനാണ് നവീന്‍ പട്നായിക് അഞ്ച് ലക്ഷം അനുവദിച്ചത്. ദില്ലിയിലെ ബിര്‍ല ഹൗസിലെ പൂന്തോട്ട ജോലിക്കാരനായിരുന്നു കേന്ദ്രപര സ്വദേശിയായ രഘുനായിക്. 1948 ജനുവരി 30ന് ഗാന്ധിയെ വെടിവച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്സെയെ പിടികൂടിയത് രഘുനായിക്കായിരുന്നു. ഗാന്ധി ബിര്‍ല ഹൗസില്‍ താമസിച്ച അവസാന കാലത്ത് അദ്ദേഹത്തിന് സ്ഥിരമായി ആട്ടിന്‍ പാല്‍ നല്‍കിയത് തന്‍റെ ഭര്‍ത്താവായിരുന്നെന്ന് മണ്ഡോദരി പറയുന്നു. ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍ രഘു നായിക്കിന്‍റെ പേര് ഒട്ടേറെ തവണ പരാമര്‍ശിച്ചിട്ടുണ്ട്.