‘മേഘങ്ങൾ ഉണ്ടെങ്കിൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം’; വെട്ടില്‍ വീണ് മോദി; വിവാദം, വിമര്‍ശനം

‘അന്ന് നന്നായി മഴ പെയ്തിരുന്നു. മേഘങ്ങളും ധാരാളമുണ്ടായിരുന്നു. ബാലാക്കോട്ട് വ്യോമാക്രമണവുമായി മുന്നോട്ട് പോകണോ എന്ന് വിദഗ്ധർ പരസ്പരം ചോദിച്ചിരുന്ന നിമിഷം. ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവർ ആലോചിച്ചു. അപ്പോൾ എനിക്ക് ഒരു ആശയം തോന്നി. റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കും. അത് നമുക്ക് ഗുണം ചെയ്യുമെന്നും എനിക്ക് തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ പോലും ആക്രമണം നടത്താൻ തീരുമാനിക്കുന്നത്.’ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്ന് രാജ്യം വിശേഷിപ്പിച്ച ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം സൈന്യത്തിന് നൽകിയ ഉപദേശമാണ് ഇൗ പറഞ്ഞത്. 

വിഡിയോ പുറത്തുവന്നതോടെ പല കേന്ദ്രങ്ങളും വിമര്‍ശനമുയര്‍ത്തി. പരിഹാസങ്ങളും എയ്തു രംഗത്തെത്തി മറ്റൊരു കൂട്ടം. ബുദ്ധിശൂന്യമായ ഈ യുക്തി ഉപയോഗിച്ച് പ്രധാനമന്ത്രി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നു എന്ന കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു.  

‘റഡാറുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നാണ് പോസ്റ്റിന് താഴെ ഉയരുന്ന കമന്റുകളിലൊന്ന്. മോദിയുടെ ഇൗ പ്രസ്താവന വലിയ ചർച്ചയായതോടെ രോഷവും പരിഹാസവും ഉയർത്തി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ‘മോദി താങ്കളുടെ അറിവിലേക്കായി, ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങളുടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ട്. ഒരുപക്ഷേ അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു. താങ്കള്‍ പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്‍റെ പ്രശ്നമാണ്. അത് മനസിലാക്കൂ അങ്കിള്‍ജി’ കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചു.