വ്യോമപാത തെറ്റിച്ച് പാക്കിസ്ഥാനിൽ നിന്നുള്ള വിമാനം; കുതിച്ചെത്തി നിലത്തിറക്കിച്ച് ഇന്ത്യ

വ്യോമപാത തെറ്റിച്ച് പറന്ന വിമാനത്തെ നിലത്തിറക്കി ഇന്ത്യൻ  സൈന്യം. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുളള ആന്റണോവ് എഎന്‍-12 വിമാനമാണ്  ഇന്ത്യൻ വ്യോമസേന ജയ്‌പൂർ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചത്.  വിമാനത്തിന് പോകാൻ അനുമതി നൽകിയിരുന്ന പാത ലംഘിച്ചാണ് വിമാനം പറന്നിരുന്നത്. ഇതോടെ  ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ആകാശത്തേക്ക് കുതിച്ചു. ഇതിന് പിന്നാലെ കാർഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെടുകയും. ഇന്ത്യൻ സൈന്യം വളഞ്ഞുവെന്ന് മനസിലാക്കിയ ഉടൻ പൈലറ്റുമാർ വിമാനം ജയ്പൂരിൽ ഇറക്കുകയായിരുന്നു.

യാത്രാ വിമാനങ്ങൾ വിലക്കിയിരിക്കുന്ന വ്യോമപാതയിലൂടെയാണ് വിമാനം പറന്നിരുന്നത്. ഇതോടെയാണ് വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങൾ പറന്നുയർന്ന് കാർഗോ വിമാനത്തെ നിലത്തിറക്കിയത്. ജോർജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തിൽ നിന്നും കറാച്ചി വഴി ഡൽഹിയിലേക്ക് വന്നതാണ് തങ്ങളെന്നാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഇന്ത്യൻ വ്യോമസേനയോട് പറയുന്നത്.