ജയപ്രദയ്ക്കെതിരെ ആക്ഷേപവാക്ക്; അസം ഖാന് കുരുക്ക്: കേസ്

ഉത്തർപ്രദേശിൽ റാംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദയ്‍ക്കെതരെ എതിര്‍സ്ഥാനാര്‍ഥി അസംഖാന്റെ മോശം പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. വിഷയത്തിൽ ഇടപ്പെട്ട് ദേശീയ വനിതാ കമ്മിഷനും അസംഖാന് നോട്ടീസ് അയച്ചു. സ്ത്രീകളോട് ബഹുമാനമില്ലാത്ത അസംഖാനെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്ന് ജയപ്രദ് പറഞ്ഞു. എന്നാല്‍ തന്റെ പരാമര്‍ശം ജയപ്രദയ്‍ക്കെതിരെയാണെന്ന് തെളിഞ്ഞാല്‍ മൽസരിക്കില്ലെന്ന് അസംഖാൻ വ്യക്തമാക്കി. 

‍ഞായറാഴ്ച റാംപൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വേദിയിലിരുത്തിയായിരുന്നു ജയപ്രദയുടെ പേരെടുത്ത് പറയാതെയുള്ള അസംഖാന്റെ വിവാദ പരാമര്‍ശം. റാംപൂരിലെ ജനങ്ങള്‍ അവരുടെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ 17 വര്‍ഷമെടുത്തെങ്കില്‍ പരിചയപ്പെട്ട 17 ദിവസത്തിനുള്ളില്‍ തന്നെ അവര്‍ ധരിച്ചിരിക്കുന്നത് കാക്കി അടിവസ്ത്രമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നായിരുന്നു അസംഖാന്റെ പ്രസ്താവന. 

ഖാന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തുവന്നു. പ്രസ്താവന വിവാദമായതോടെ സ്ത്രീത്വത്തെ അപമാനിച്ചതിന് അസംഖാനെതിരെ പൊലീസ് കേസെടുത്തു. ദേശീയ മഹിളാ കമ്മിഷനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രസ്താവനയില്‍ പുതുമയില്ലെന്ന് പറഞ്ഞ ജയപ്രദ, അസംഖാനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് അസംഖാന്റെ വിശദീകരണം. താന്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. തന്റെ പ്രസ്താവന ജയപ്രദക്കെതിരെയാണെന്ന് കണ്ടെത്തിയാല്‍ മല്‍സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പരാമര്‍ശങ്ങളുടെ തോഴനായ അസംഖാനെതിരെ ജയപ്രദയ്‍ക്കെതിരായ പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.