'രാഹുലിനെ വിമർശിക്കാൻ അവകാശമില്ല'; അരുൺ ജയ്റ്റ്ലിക്കെതിരെ കോൺഗ്രസ്

അമൃത്സറില്‍ മല്‍സരിച്ച് പരാജയപ്പെട്ടിട്ടും മന്ത്രിയായ അരുണ്‍ ജയ്റ്റ്ലിക്ക് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെപ്പറ്റി പറയാന്‍ എന്തവകാശമെന്ന് കോണ്‍ഗ്രസ്. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ന്യായ് പദ്ധതി താഴെത്തട്ടിലുണ്ടാക്കിയ ചലനം ബിജെപിയെ ആശങ്കയിലാക്കിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മനോരമ ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരായ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പരാമര്‍ശങ്ങള്‍. ഭൂരിപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ വയനാട്ടില്‍ അഭയം തേടിയതെന്ന് ജയ്റ്റ്ലി ആരോപിച്ചിരുന്നു. ജയ്റ്റ്ലിയുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍ വയനാടിനെപ്പറ്റി ജനങ്ങള്‍ക്കറിയാമെന്ന് പ്രതികരിച്ചു. വര്‍ഗീയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ ബാധിക്കില്ല. 

ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ തട്ടിപ്പാണെന്ന ധനമന്ത്രിയുടെ ആരോപണം ഭയം കൊണ്ടാണ്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അങ്കലാപ്പില്‍ ബിജെപി നേതാക്കള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.