വോട്ടിന് സച്ചിനെയും ബിഗ് ബിയെയും കൂട്ടുപിടിച്ച് മോദീതന്ത്രം; റിപ്പോർട്ട്

വോട്ടു നേടാൻ പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രശസ്തതാരങ്ങളെ കൂട്ടുപിടിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി ബിജെപിയെ പിന്തുണക്കാത്ത താരങ്ങളെപ്പോലും ഉപയോഗപ്പെടുത്തിയാണ് മോദിയുടെ പ്രചാരണം എന്നാണ് കണ്ടെത്തല്‍. സച്ചിൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രശസ്തര്‍ ഇക്കൂട്ടത്തിലുണ്ട്. 

അമേരിക്കയിലെ മിഷിഗൻ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാൽ ആണ് തന്റെ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. 2009 ഫെബ്രുവരി മുതൽ 2015 വരെയുള്ള 9000 ട്വീറ്റുകളാണ് പഠനവിധേയമാക്കിയത്. ഇതിൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമുള്ള ട്വീറ്റുകളും വേർതിരിച്ചു പഠനം നടത്തി.

#VoteKar എന്ന ട്വിറ്റർ ക്യാംപെയിനിന്റെ ഭാഗമായുള്ള പോസ്റ്റുകളെല്ലാം പ്രമുഖതാരങ്ങളെ ടാഗ് ചെയ്താണ് മോദി ചെയ്തിരിക്കുന്നത്. ബിജെപി അനുഭാവികളല്ലാത്തവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. 

സിനിമാ, കായിക, മാധ്യമ രംഗത്തുള്ള പ്രമുഖരിൽ പലരെയും ഇത്തരത്തിൽ മോദി പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 

2009 ൽ മോദി ട്വീറ്റു ചെയ്തു തുടങ്ങിയപ്പോൾ ഈ മാധ്യമത്തിലുള്ള ഇന്ത്യയിലെ ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. 2012 ഒക്ടോബറോടെ ഒരു മില്യൻ ഫോളോവേഴ്സ് എന്ന നേട്ടത്തിലെത്തി. ഇപ്പോൾ ട്വിറ്ററിൽ മോദിക്ക് 46.6 മില്യൻ ഫോളോവേഴ്സ് ആണ് ഉള്ളത്.