കേള്‍വിക്കാരില്ല; മുദ്രാവാക്യം വിളിക്കാനാളില്ല; യോഗി വോട്ട് ചോദിച്ചത് ഒഴിഞ്ഞ കസേരകളോട്

മധുരയില്‍ നടന്ന തിരഞ്ഞെടുപ്പു ക്യാംപെയിനിൽ സംസാരിക്കാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേൾക്കാനെത്തിയത് നൂറിൽ താഴെ ആളുകള്‍ മാത്രം. ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ നിന്നുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് സിറ്റിങ് എം.പി ഹേമമാലിനിക്ക് വോട്ട് ചോദിച്ചത്.

സദസിലുണ്ടായിരുന്ന ഭൂരിബാഗം കസേരകളും ഒഴിഞ്ഞു തന്നെ കാണപ്പെട്ടു. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും കളളന്‍മാരാണെന്നും സഹോദങ്ങളാണെന്നുമുള്ള യോഗിയുടെ പുതിയ മുദ്രാവാക്യം ഏറ്റുവിളിക്കാനും ആളുണ്ടായിരുന്നില്ല. 

പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവായിരുന്നു ജനപങ്കാളിത്തമെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നു. .10000 ആളുകള്‍ എത്തിച്ചേരുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ലഖ്നൗവിലെ ഒരു ബിജെപി നേതാവ് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

മുൻപ് പത്തനംതിട്ടയിൽ യോഗി പ്രചാരണത്തിനെത്തിയപ്പോൾ പ്രസംഗം കേള്‍ക്കാൻ ആളില്ലാതിരുന്നതും വാർത്തയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യോഗി പ്രചരണത്തിനെത്തിയ മുഴുവന്‍ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തിരുന്നു. 

ബി.ജെ.പിയുടെ എല്ലാ തെരഞ്ഞെടുപ്പു ക്യാംപെയിനുകളുടെയും സ്ഥിതി ഇതാണെന്നും ബി.ജെ.പിയെ പേടിച്ച് പലരും തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കാന്‍ മടിക്കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു. പച്ചക്കള്ളം പറഞ്ഞും പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയുമാണ് ബിജെപി അധികാരത്തിലെത്തിയത്. ഇനിയും കള്ളങ്ങള്‍ കേൾക്കാൻ ജനങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.