പിടിക്കപ്പെട്ടപ്പോൾ മോദി എല്ലാവരെയും ചൗക്കീദാർ ആക്കി; പ്രതികരിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേം ഭീ ചൗക്കീദാർ’ (ഞാനും കാവൽക്കാരനാണ്) പ്രചാരണത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പിടിക്കപ്പെട്ടപ്പോൾ മോദി രാജ്യത്തെ മുഴുവൻ ‘ചൗക്കീദാർമാർ’ ആക്കിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വടക്കൻ കർണാടകയിലെ കലബുറഗിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ.

റഫാൽ ഇടപാടിലെ ക്രമക്കേടുകൾ പുറത്തുവന്നതിനു പിന്നാലെയാണു രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ് (ചൗക്കീദാർ ചോർ ഹെ) എന്നു പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച് രാഹുൽ രംഗത്തെത്തിയത്. ഈ വാക്കുകൾ മോദിക്ക് അനുകൂലമാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രത്തിനുപിന്നാലെ ട്വിറ്ററിൽ മോദിയുടെ ഔദ്യോഗിക പേജിന്റെ പേര് ചൗക്കീദാർ നരേന്ദ്ര മോദി എന്നാക്കി മാറ്റിയിരുന്നു. മാത്രമല്ല, മോദിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി പ്രവർത്തകർ ‘മേം ഭീ ചൗക്കീദാർ’ എന്ന പ്രചാരണം നടത്തുകയും ചെയ്തു.

‘പ്രധാനമന്ത്രിയായിട്ടല്ല തന്നെ ചൗക്കീദാർ ആയി കാണണമെന്നാണ് മോദി ജനങ്ങളോടു നേരത്തേ ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹം രാജ്യത്തെ മുഴുവൻ കാവൽക്കാരാക്കി മാറ്റി. അദ്ദേഹം ആരുടെയാണു കാവൽക്കാരനായത്? അനിൽ അംബാനിയെയും മെഹുൽ ചോക്സിയെയും നീരവ് മോദിയെയും പോലുള്ളവരെയാണ് മോദി കാവൽക്കാരനായിനിന്നു സംരക്ഷിച്ചത്’ – രാഹുൽ കൂട്ടിച്ചേർത്തു. 500, 1000 നോട്ടുകൾ നിരോധിച്ചതുപോലെ ഭരണഘടനയെയും ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുൽ ആരോപിച്ചു.