മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്‍റെ നീക്കം എതിര്‍ക്കുമെന്ന് ഡിഎംകെ

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍റെ നീക്കം എതിര്‍ക്കുമെന്ന് ഡിഎംകെ പ്രകടനപത്രിക. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുമെന്നും ഡിഎംകെ. ദ്രാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കിക്കൊണ്ട് അണ്ണാ ഡിഎംകെയും പ്രകടന പത്രിക പുറത്തിറക്കി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച് നിയമപരമായ തീരുമാനങ്ങളെ സ്വാഗതം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് പ്രതികളുടെ മോചനത്തിന് ശ്രമിക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള നീക്കം ചെറുക്കുന്നതിനോടൊപ്പം ജലനിരപ്പ് 152 അടിയാക്കാനുള്ള ശ്രമം തുടരും. വിവാദ ചെന്നൈ–സേലം എട്ടുവരിപ്പാതയുമായി മുന്നോട്ട് പോകുന്നതിന് പകരം നിവവിലെ റോഡുകള്‍ വീതികൂട്ടും. വിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളും, കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ് തുടങ്ങി തമിഴ്നാടിന്‍റെ മനസറിഞ്ഞുള്ള പ്രഖ്യാപനമാണ് ഡിഎംകെ നടത്തിയത്.

വാഗ്ദാനങ്ങളില്‍ അണ്ണാ ഡിഎംകെയും പിന്നോട്ട് പോയില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കേന്ദ്ര സഹായത്തോടെ പ്രതിമാസം 1500 രൂപ. നീറ്റ് പരീക്ഷയില്‍ തമിഴ്നാടിന് പ്രത്യേക പരിഗണന നേടിയെടുക്കും. ജലക്ഷാമം പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അണ്ണാ ഡിഎംകെ ഉറപ്പുനല്‍കുന്നു.