ഏട്ടന്റെ ഇടപെടൽ എന്നെ രക്ഷിച്ചു; ഹൃദയത്തിൽ തൊട്ടു; മുകേഷ് അംബാനിയോട് അനിൽ അംബാനി

ഏട്ടന്റെ സമയോചിതമായ ഇടപെടൽ ഹൃദയത്തിൽ തൊട്ടു, ഒരുപാട് നന്ദി; സഹോദരൻ മുകേഷ് അംബാനിയ്ക്ക് നന്ദി പറഞ്ഞ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടേയും സഹായം ലഭിച്ചതുകൊണ്ടാണ് അനിൽ അംബാനിയുടെ ജയിൽശിക്ഷ ഒഴിവായത്. റിലയൻസ് കമ്മ്യൂണിക്കേഷൻ ഇറക്കിയ പ്രസ്താവനയിൽ അനിൽ അംബാനി തന്നെയാണ് ഇത് വ്യക്തമാക്കിയത്. സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് അനിൽ അംബാനിയും മുകേഷ് അംബാനിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് മറന്നാണ് സമയോചിതമായി അനിയന്റെ രക്ഷയ്ക്ക് മുകേഷ് അംബാനി എത്തിയത്. 

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി തീരുന്നതിന് ഒരു ദിവസം മുൻപ് സ്വീഡനിലെ ടെലികോം ഉപകരണ നിർമാണ കമ്പനി എറിക്സന് 458.77 കോടി രൂപ നൽകി റിലയൻസ് കമ്യുണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി ജയിലിൽ പോകുന്നത് ഒഴിവാക്കി.

2013 ലെ കരാർ അനുസരിച്ച് റിലയൻസ് കമ്യുണിക്കേഷൻസ് എറിക്സനു നൽകാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണിത്. ഇതിൽ ബാക്കിയുണ്ടായിരുന്ന 458.77 കോടി രൂപ 4 ആഴ്ചയ്ക്കുള്ളിൽ നൽകിയില്ലെങ്കിൽ അനിൽ അംബാനിയെയും ആർ കോമിന്റെ യൂണിറ്റ് മാനേജർമാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരെയും 3 മാസം ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 20 ന് ഉത്തരവിട്ടിരുന്നു.