പരസ്യത്തിനെതിരെ വാളെടുത്തവര്‍ക്ക് ആളുമാറി; ചീത്തവിളി മൈക്രോസോഫ്റ്റ് എക്സലിനും

പരസ്യവിവാദം പുതിയ തലത്തിലേക്ക്. സർഫ് എക്സലിന്‍റെ പുതിയ പരസ്യം വിവാദമായതിനു പിന്നാലെ പൊങ്കാലയിട്ടവരിൽ ചിലർ ആളു മാറിയെത്തിയത് മൈക്രോസോഫ്റ്റ് എക്സലിന്റെ പേജിൽ. ഒരുകാരണവുമില്ലാതെ ചീത്ത കേൾക്കുകയാണ് മൈക്രോസോഫ്റ്റ് എക്സൽ.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മൈക്രോ സോഫ്റ്റ് എക്‌സല്‍ ആപ്പിന്റെ റിവ്യൂ ബോക്‌സില്‍ സര്‍ഫ് എക്‌സ് എല്‍ വിരുദ്ധ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലർ വണ്‍ സ്റ്റാർ റേറ്റിങ്ങും നല്‍കി‌യിട്ടുണ്ട്.

അതേസമയം വിവാദമായതിനു പിന്നാലെ സർഫ് എക്സൽ പരസ്യം 8 മില്യൻ വ്യൂസും കടന്ന് മുന്നേറുകയാണ്. ഫെയ്സ്ബുക്ക് പേജിനും ലൈക്കേറുകയാണ്.

പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്‍ഫ് എക്സലിന് ലഭിച്ചത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വർഗീയവാദികൾ രംഗത്തെത്തിയതോടെയാണ് ഇൗ പരസ്യവിഡിയോ വൈറലായത്. എന്നാൽ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലർ രംഗത്തെതിയതോടെ പരസ്യം വിവാദമാത്. #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം.

ഹോളി ആഘോഷങ്ങൾക്കിടയിൽ സൈക്കിളിലെത്തുന്ന പെൺകുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികൾ നിറങ്ങൾ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീർന്നശേഷം കൂട്ടുകാരനായ മുസ്​ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാൻ വിളിക്കുകയും െചയ്യുന്നു. വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ ൈസക്കിളിന്റെ പിന്നിലിരുത്തി നിസ്കരിക്കാനായി പള്ളിയിൽ എത്തിച്ച് മടങ്ങുന്നു. ഇതാണ് പരസ്യത്തിന്റെ കഥ.

എന്നാൽ പരസ്യം പുറത്തുവന്നതോടെ ഒരുകൂട്ടം ആളുകൾ സംഭവം വിവാദമാക്കി. പരസ്യവും ഉൽപ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചിലർ ക്യാംപെയിനും ആരംഭിച്ചു. എന്നാൽ കമ്പനിക്കും പരസ്യത്തിനും ശക്തമായ പിന്തുണയുമായി വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.