സൈനികരുടെ മക്കളുടെ വിദ്യാഭ്യാസചെലവ് ഏറ്റെടുക്കാൻ സേവാഗ്; ശമ്പളം നൽകാൻ വിജേന്ദർ

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. എന്തു തന്നെ ചെയ്താലും അത് അധികമാവില്ലെന്നും തന്നെക്കൊണ്ട് ആകുന്നതു ചെയ്യാൻ ശ്രമിക്കുകയാണെന്നും സേവാഗ് പറഞ്ഞു. മരിച്ച സൈനികരുടെ മക്കൾക്ക് സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം ട്വിറ്ററിൽ‌ കുറിച്ചു. 

ബോക്സിങ്ങ് താരവും ഹരിയാന പൊലീസ് ഉദ്യോഗസ്ഥനുമായ വിജേന്ദർ സിങ്ങ് ഒരു മാസത്തെ ശമ്പളമാണ് മരിച്ച സൈനികരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

സച്ചിനും കോഹ്‍‍ലിയും ഗംഭീറുമടക്കമുള്ള താരങ്ങൾ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. 

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.