ഐഎസ് ഖൊറസാൻ താലിബാന്റെ കടുത്ത എതിരാളികൾ; നിഷ്ഠുരമായ ആക്രമണങ്ങൾ

 കാബൂൾ വിമാനത്താവള കവാടത്തിൽ ചാവേർ സ്ഫോടനം നടത്തിയ ഐഎസ് ഇൻ ഖൊറസാൻ പ്രൊവിൻസ് (ഐഎസ്–കെ) താലിബാന്റെ കടുത്ത എതിരാളികളാണ്. സിറിയയും ഇറാഖും കേന്ദ്രീകരിച്ചു രൂപമെടുത്ത ഭീകര സംഘടനയായ ഐഎസിന്റെ അഫ്ഗാൻ ഘടകമാണിത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണു ഖൊറസാൻ. 

താലിബാന്റെ പാക്ക് ഘടകമായ തെഹ്‌രികെ താലിബാൻ– പാക്കിസ്ഥാനിൽ (ടിടിപി) നിന്നു തെറ്റിപ്പിരിഞ്ഞവരാണു 2015ൽ ഐഎസ് കെ രൂപീകരിച്ചത്. ഇവർ ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദിയോടു കൂറു പ്രഖ്യാപിച്ചു. ടിടിപി കമാൻഡർ ഹാഫിസ് സായീദ് ഖാൻ ആയിരുന്നു ഐഎസ് കെയുടെ ആദ്യ മേധാവി. പാക്ക് അതിർത്തിയോടു ചേർന്ന കിഴക്കൻ അഫ്ഗാനിലെ നൻഗാർഹർ പ്രവിശ്യ ആസ്ഥാനം. പണസമ്പാദനം ലഹരികടത്തു വഴി. 

ശത്രുക്കൾ ആരെല്ലാം ?

ലഷ്കറെ തയിബ ഉൾപ്പെടെയുള്ള പാക്ക് ഭീകര സംഘടനകളിൽ നിന്നുള്ളവരും തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും അംഗങ്ങൾ. ഏതാനും വർഷം മുൻപുവരെ മൂവായിരത്തോളം അംഗങ്ങൾ. താലിബാൻ, അഫ്ഗാൻ സേനകളുമായുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെ പേർ വധിക്കപ്പെട്ടു. അമേരിക്ക തന്നെ മുഖ്യശത്രു. യുഎസുമായി ചർച്ച നടത്തിയതോടെ താലിബാനോടു ശത്രുത വർധിച്ചു. ഷിയ മുസ്‌ലിംകളും ശത്രുപക്ഷത്ത്. 

നിഷ്ഠുരമായ ആക്രമണങ്ങൾ

∙ 2016– 18 ൽ ഐഎസ് കെ ഭീകരർ കാബൂളിൽ 6 ചാവേറാക്രമണങ്ങൾ നടത്തി. കഴിഞ്ഞ മേയിൽ ഷിയ മുസ്‍ലിം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടത്തിയ ചാവേറാക്രമണത്തിൽ കുട്ടികൾ അടക്കം 68 പേർ കൊല്ലപ്പെട്ടു. 2020 മേയിൽ കാബൂൾ ആശുപത്രിയിലെ പ്രസവ വാർഡിൽ നടത്തിയ ആക്രമണത്തിൽ ഗർഭിണികളും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. 

∙ താലിബാനുമായി പോരടിക്കുമ്പോഴും ഇരുസംഘങ്ങളെയും കോർത്തിണക്കുന്ന പാക്കിസ്ഥാൻ ആസ്ഥാനമായ മറ്റൊരു ഭീകരസംഘടനയും അഫ്ഗാനിലുണ്ട്– ഹഖാനി നെറ്റ്‌വ‍ർക്. ഐഎസ് കെയുടെ പാക്ക് ഘടകം 2019ൽ നിലവിൽ വന്നു.