‘ഞാൻ രാജീവ് ഗാന്ധിയുടെ മകള്‍’; അന്ന് പ്രിയങ്ക മോദിക്കു കൊടുത്ത മറുപടി

യുപിയെ ഇറക്കിമറിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന റോ‍ഡ് ഷോ അണികളെ ആവേശം കൊള്ളിക്കുകയാണ്‍. പ്രിയങ്ക പോകുന്നിടത്തെല്ലാം വാർത്താ തലക്കെട്ടുകളും പിറവി കൊള്ളുന്നു. അതിനിടെ മോദിക്ക് കുറിക്കു കൊള്ളുന്ന മറുപടികൾ കൊടുത്ത പ്രിയങ്കയുടെ പണ്ടത്തെ പ്രംസംഗങ്ങളും ചർച്ചയാകുകയാണ്. 

വര്‍ഷം 2014. തിരഞ്ഞെടുപ്പു പ്രചരണകാലം. പ്രിയങ്ക തന്‍റെ മകളെപ്പോലെയാണെന്ന് അന്ന് മോദി നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞു. 

''ഞാൻ രാജീവ് ഗാന്ധിയുടെ മകളാണ്'' എന്നാണ് അതിന് പ്രിയങ്ക നൽകിയ മറുപടി. തന്റെ പിതാവിനെ വിമർശിച്ച മോദിയെ കടന്നാക്രമിക്കുകയും ചെയ്തു. ''രക്തസാക്ഷിത്വം വരിച്ച എന്‍റെ പിതാവിനെ അവർ അവർ അധിക്ഷേപിച്ചു. ഈ വിലകുറഞ്ഞ രാഷ്ട്രീയത്തിനെതിരെ അമേഠിയിലെ ജനങ്ങൾ പ്രതികരിക്കും. ഓരോ ബൂത്തുകളിൽ നിന്നും അതിന് മറുപടി ലഭിക്കും'', പ്രിയങ്ക തുടർന്ന് പ്രതികരിച്ചു. 

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യുപിസിസി ആസ്ഥാനത്തേക്കാണ് യാത്ര. വഴിനീളെ വന്‍ജനക്കൂട്ടമാണ് പൂക്കളും മൂവര്‍ണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേറ്റത്. 

ലക്നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും.