യോഗിയെ ‘നിലംതൊടീച്ചില്ല’; തൊട്ടു പിന്നാലെ റെയ്ഡ്; കരുക്കൾ നീങ്ങിയതിങ്ങനെ

അത്യപൂർവമായ രംഗങ്ങൾക്കാണ് ബംഗാൾ ഇന്നലെ സാക്ഷ്യം വഹിച്ചത്. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിൽ സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്ത ഞെട്ടലോടെയാണ് ഇന്ത്യ കണ്ടതും കേട്ടതും. 

ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ബംഗാളിൽ ഇറങ്ങാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ബംഗാളിൽ ബിജെപി റാലിക്ക് യോഗി ആദിത്യനാഥ് എത്താനിരുന്ന ഹെലികോപ്റ്ററിനാണു സംസ്ഥാന സർക്കാർ അനുമതി നൽകാതിരുന്നത്. വടക്കന്‍ ബംഗാളിലെ ബലൂർഘട്ടിലാണ് റാലി നടന്നത്. ബിജെപി നേതൃത്വത്തെ ഏറെ അസ്വസ്ഥമാക്കിയ നടപടിയാണ് മമതയുടെ ഭാഗത്തു നിന്നുണ്ടായതെന്നു തർക്കമില്ല. യാതൊരു അറിയിപ്പുമില്ലാതെയാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് പിന്നീട് അറിയിച്ചു. 

യുപി മുഖ്യമന്ത്രിയുടെ ജനകീയത കാരണമാണ് മമതാ ബാനർജി അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുന്നതിനുള്ള അനുമതി പോലും നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. അടുത്തിടെ ബിജെപി നേതാവിന്റെ ഹെലികോപ്റ്ററിന് ലാൻഡിങ്ങിനുള്ള അനുമതി നിഷേധിക്കപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.

നേരത്തേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്ററിനും ബംഗാളിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഹെലികോപ്റ്റർ ഇറങ്ങേണ്ട മാൽഡ എയർസ്ട്രിപ്പിൽ സൗകര്യങ്ങൾ കുറവാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതേ തുടര്‍ന്ന് ഒരു സ്വകാര്യ ഹെലിപാഡിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ഇറങ്ങിയത്. യോഗിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റിന്റെ വീടിനു പുറത്തു പ്രതിഷേധിച്ചു. അനുമതി നിഷേധിച്ചതിനാൽ ഫോണ്‍വഴിയാണ് യോഗി റാലിയിൽ സംസാരിച്ചത്

ഈ സംഭവങ്ങളുടെ തുടർച്ചയാണ് രാത്രിയിലെ സിബിഐ റെയ്ഡെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിൽ സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ കേന്ദ്ര സർക്കാർ മണിക്കൂറുകൾക്കകം സിആർപിഎഫിനെ (കേന്ദ്ര റിസർവ് പൊലീസ് സേന) വിന്യസിച്ചതോടെ കേന്ദ്ര,സംസ്ഥാന ഏറ്റുമുട്ടൽ അത്യപൂർവമായ ഭരണഘടനാ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. പ്രോട്ടോക്കോൾ നോക്കാതെ കമ്മിഷണറുടെ വസതിയിലേക്കു പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. പിന്നാലെ മധ്യ കൊൽക്കത്തയിൽ ധർണയിരിക്കുകയും ചെയ്തു. വിഷയത്തിൽ സിബിഐ ഇന്നു സുപ്രീം കോടതിയെ സമീപിച്ചേക്കും