റെയിൽവേ സ്റ്റേഷനുകളിലും വരുന്നു, ‘ചെക്ക്–ഇൻ’; യാത്രയ്ക്ക് 20 മിനിറ്റ് മുൻപ് എത്തണം

File Photo

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലേതിനു സമാനമായ സുരക്ഷയൊരുക്കാൻ റെയിൽവേ തയാറെടുക്കുന്നു. യാത്രയ്ക്ക് 20 മിനിറ്റ് മുൻപ് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലെത്തണം. ബാഗേജ്, ശരീര പരിശോധനകൾക്കു വേണ്ടിയാണിത്. സ്റ്റേഷനിലേക്കുള്ള പ്രവേശനം നിശ്ചിത കവാടങ്ങളിലൂടെയാക്കും. സമയപരിധി കഴിഞ്ഞാൽ കവാടങ്ങൾ അടയ്ക്കും

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. 6 മാസത്തിനകം നടപ്പാക്കാനിരിക്കുന്ന ആദ്യ ഘട്ടത്തിൽ 202 സ്‌റ്റേഷനുകളിലാണു സുരക്ഷാസംവിധാനം ഏർപ്പെടുത്തുക. സ്റ്റേഷനുകളുടെ എല്ലാ കവാടങ്ങളും റെയിൽവേ സേനയുടെ നിയന്ത്രണത്തിലാക്കും. 

സിസിടിവി ക്യാമറ, പ്രവേശന നിയന്ത്രണ, പരിശോധനാ സംവിധാനങ്ങൾ, ബോംബ് നിർവീര്യമാക്കൽ ഉപകരണങ്ങൾ, ഫെയ്സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയർ എന്നിവയും സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി സു‌രക്ഷാസേനയ്ക്കു ലഭ്യമാക്കും. 365 കോടി രൂപയാണു ചെലവ്