കടുത്ത മത്സരം നേരിട്ട് സച്ചിൻ പൈലറ്റ്; നിർണായകമായി മുസ്ലീം വോട്ടുകൾ

രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തിൽ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് നേരിടുന്നത് കടുത്ത മത്സരമാണ്. ടോങ്കിലെ മുസ്ലിം വോട്ടുകൾ വിജയത്തിൽ നിർണായകമാകും. 

കോണ്ഗ്രസ് ഇക്കുറി പതിവ് തെറ്റിച്ചു. നാലു ദശകങ്ങളായി ടോങ്കിൽ മുസ്ലിം സ്ഥാനാർഥിയെ നിർത്തുന്നത് മതിയാക്കി. പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെ നിർത്തി. ബിജെപിയാകട്ടെ അവരുടെ ഏക മുസ്ലിം സ്ഥാനാർഥിയെ നിർത്തിയതും ടോങ്കിൽ. യുവാക്കളുടെ അടക്കം ജനപിന്തുണ സച്ചിനുണ്ടെങ്കിലും ടോങ്കിലെ മുസ്ലിം വോട്ടുകൾ എത്രമാത്രം സച്ചിന് അനുകൂലമാക്കാനാകുമെന്നതാണ് പ്രധാനം. ഏതാണ്ട് അറുപതിനായിരം മുസ്ലിം വോട്ടർമാർ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. ടോങ്കിൽ ജയം ഉറപ്പെന്ന് സച്ചിൻ പറയുന്നു. 

വസുന്ധര രാജെ മന്ത്രിസഭയിലെ പ്രമുഖനാണ് സച്ചിന്റെ എതിരാളി യൂനുസ് ഖാൻ. വിമാനമില്ലാത്ത നാട്ടുകാർക്ക് എന്തിനാണ് പൈലറ്റ് എന്നാണ് യൂനുസിന്റെ പരിഹാസം. ടോങ്കിൽ ഫലം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.