തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ പേരിൽ വ്യാജ സന്ദേശം; നടപടിയെടുക്കണമെന്നാവശ്യം

ശബരിമലയുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ നടപടിയെടുക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ കേരളത്തിന് ഇരട്ടത്താപ്പാണെന്ന് അവകാശപ്പെടുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് ഗിരിജ വൈദ്യനാഥന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.  സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ബി.ജെ.പി സംസ്ഥാന ജനറല്‍ െസക്രട്ടറി കെ.സുരേന്ദ്രന്‍റെ പ്രൊഫൈല്‍ ചിത്രമുള്ള മായ എസ് പിള്ള എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് വ്യാജസന്ദേശം പോസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഇരുപത്തിയഞ്ചിനിട്ട പോസ്റ്റ് ഫെയ്സ്ബുക്കിലൂടെയും വാട്സാപിലൂടെയും ഗിരിജ വൈദ്യനാഥന്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത എല്ലാ സര്‍ക്കാരുകള്‍ക്കും ഉണ്ടെന്നും എന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം കോടതി വിധിയെ മാനിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി പറഞ്ഞു എന്നാണ് പ്രചരിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കാന്‍ കാണിക്കുന്ന അമിത താല്‍പര്യം കോടതിയോടുള്ള ബഹുമാനം കൊണ്ടല്ലെന്ന് പാര്‍ട്ടി അണികള്‍ക്ക് പോലും അറിയാമെന്നും പോസ്റ്റിലുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് ഗിരിജ വൈദ്യനാഥന്‍ വ്യക്തമാക്കി. 

തന്‍റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ദിവസവും മായ എസ് പിള്ളയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജ അക്കൗണ്ട് ആണോ എന്നും പരിശോധിക്കുന്നുണ്ട്.