മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി ബിജെപിയുടെ പുസ്തകം

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കാന്‍ ബിജെപിയുടെ പുസ്തകം വരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പുസ്തകത്തിന്‍റെ  രചയിതാവ് ഒാര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ആര്‍ ബാലശങ്കറാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രകാശനം ചെയ്യുന്ന പുസ്തകം മലയാളം അടക്കം പ്രാദേശിക ഭാഷകളിലും പുറത്തിറക്കും. 

നരേന്ദ്ര മോദി: ക്രിയേറ്റീവ് ഡിസ്റപ്റ്റര്‍ – ദ് മേക്കര്‍ ഒാഫ് ന്യൂ ഇന്ത്യ. നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യത്ത് സംഭവിച്ച് എന്താണെന്ന ചോദ്യത്തിന് ബിജെപിയുടെ മുറുപടിയാണ് ഈ പുസ്തകം. നോട്ടുനിരോധനം, ജിഎസ്ടി, മിന്നലാക്രമണം, അസഹിഷ്ണുതാ വിവാദങ്ങള്‍, റഫാല്‍ ഇടപാട്, ഇന്ധന വിലവര്‍ധന. അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന വിഷയങ്ങളില്‍ ഭരണതലത്തില്‍ നടന്നതും ഒാരോ തീരുമാനങ്ങളെടുക്കുന്നതിലേയ്ക്ക് മോദി നയിച്ചതുമായ കാര്യങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. സര്‍ക്കാരിലെ ഉന്നതങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങളും  പുറത്തുവിടുന്നുണ്ട്. 300 പേജുകളില്‍ 17 അധ്യായങ്ങള്‍.

ഡിസംബര്‍ 10ന് ബിെജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുസ്തകം പ്രകാശനം ചെയ്യും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടേതാണ് ആമുഖം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.