ബോളിവുഡിൽ മീ ടൂവിൽ കുടുങ്ങി കൂടുതൽ പ്രമുഖർ

ബോളിവുഡിൽ മീ ടൂ ക്യാംപയിനിൽ കുടുങ്ങി കൂടുതൽ താരങ്ങൾ. സംവിധായകരായ സാജിദ് ഖാൻ, സുഭാഷ് ഗായ് എന്നിവര്‍ക്കും നിർമാതാവ് കരിം മൊറാനിക്കും എതിരെയാണ് പുതിയ ആരോപണങ്ങൾ. അതേസമയം, തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരായ കേസ് ദുർബലമാണെന്ന് പൊലീസ് വൃത്തങ്ങൾതന്നെ സൂചന നൽകി. 

നടി  സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.  2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു.

ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.  സംവിധായകൻ സുഭാഷ് ഗേയ്ക്കെതിരെയും ആരോപണം ഉയർന്നു.  മദ്യപിച്ചെത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവർത്തകയാണ് പങ്കുവച്ചത്. എന്നാൽ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് തനുശ്രീയുട പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്.

ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും,  2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല.  പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരും കേസിൽപ്രതികളാണ്.