‘മോദിയെ നേരിട്ടറിയിച്ചു; എന്നിട്ടും..’ ഗുജറാത്ത് കലാപത്തിൽ പുതിയ വെളിപ്പെടുത്തൽ

2002 ലെ ഗുജറാത്ത് കലാപം അവസാനിപ്പിക്കാനുള്ള നടപടികൾക്കിടെ സംസ്ഥാന സർക്കാരിന്റെ സഹായം വൈകിയതിനാൽ മുന്നൂറോളം പേരെ രക്ഷിക്കാനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്ന് വെളിപ്പെടുത്തൽ. മുൻ സൈനിക ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സമീർ ഉദ്ദിൻ ഷാ, ‘സർക്കാരി മുസൽമാൻ’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്. സേനാ വിന്യാസത്തിൽ കാലതാമസം ഉണ്ടായില്ലെന്ന എസ്ഐടി റിപ്പോർട്ട് പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തകത്തിൽനിന്ന്: കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാർച്ച് ഒന്നിനു രാവിലെ ഏഴിന് 3000 അംഗ സേന അഹമ്മദാബാദിൽ എത്തിയെങ്കിലും ആവശ്യമായ ഗതാഗതസംവിധാനമോ സേനാവിന്യാസത്തിനുള്ള നിർദേശമോ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 34 മണിക്കൂർ അങ്ങനെ അവിടെ കഴിയേണ്ടിവന്നെന്നും സമീർ ഉദ്ദിൻ ഷാ വെളിപ്പെടുത്തി. മാർച്ച് ഒന്നിനു പുലർച്ചെ രണ്ടു മണിക്കു കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സാന്നിധ്യത്തിൽ, അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് സേന എത്തുന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ടും സഹായം സമയത്തു ലഭിച്ചില്ല. ഗതാഗത സംവിധാനത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നായിരുന്നു ലഭിച്ച വിവരം.

അതിനിടെ, പതിനൊന്നു മണിയോടെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് എയർബേസിലെത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു. കലാപ മേഖലയിലേക്കുള്ള വഴി അറിയാത്തതിനാൽ മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും സഹായമില്ലാതെ സേന നടപടി ആരംഭിക്കില്ലെന്നും വനത്തിലേതു പോലെയല്ല നഗരത്തിലെ സാഹചര്യമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. തുടർന്ന് സേന നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞപ്പോൾ, എന്തെങ്കിലും ചെയ്യാം എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി.

അടുത്ത ദിവസം മാത്രമാണ് ട്രക്കുകൾ ഉൾപ്പെടെയുള്ള സഹായം ലഭിച്ചത്. സഹായം സമയത്തു ലഭിച്ചിരുന്നെങ്കിൽ 300 പേരെയെങ്കിലും രക്ഷിക്കാൻ സാധിച്ചേനെ. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കല്ല പുറത്തുവന്നതെന്നും സമീർ ഉദ്ദിൻ ഷാ പറഞ്ഞു.