ഗോൾഡൻ ഗ്ലോബ് റേസ്: സാഹസികതയുടെ അവസാന വാക്ക്

അഭിലാഷ് ടോമി തുരീയ പായ്‌വഞ്ചിയുടെ ഉള്ളിൽ. ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിക്കുന്നതിനു മുൻപു സംഘാടകർ നടത്തിയ ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രം

സാഹസിക കായിക വിനോദങ്ങളിൽ ആദ്യ സ്ഥാനങ്ങളിലൊന്നിലാണ് കടലിലൂടെ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പരസഹായമില്ലാതെ ലോകം ചുറ്റുന്ന പായ്‌വഞ്ചിയോട്ടം. ഇതിൽനിന്ന് ഒരു പടികൂടി കടന്ന പ്രയാണമാണ് അഭിലാഷ് ഉൾപ്പെടെ 18 നാവികർ പങ്കെടുത്ത ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണം. 50 വർഷം മുൻപത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രമാണ് ഇതിൽ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്.

വടക്കുനോക്കി യന്ത്രവും മാപ്പുകളും മാത്രമാണ് ദിശ കണ്ടുപിടിക്കാൻ നാവികർ ഉപയോഗിക്കുക. പേന പോലും ഒപ്പം കൊണ്ടുപോകാൻ അനുവാദമില്ല. ആധുനിക കാലത്തെ കണ്ടുപിടിത്തങ്ങളായ ഡിജിറ്റൽ ക്യാമറ, ഫോൺ തുടങ്ങിയവ ഉൾപ്പെടെ ഒന്നും കൈവശം വയ്ക്കാൻ ആവില്ലാത്തതിനാൽ, പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വേണം പ്രയാണം പൂർത്തിയാക്കാൻ.

1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ ജേതാവായ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ അഭിലാഷ് ടോമിയുടെ മാർഗനിർദേശകനായിരുന്നു. 2013ൽ നാവികസേനാ പ്രോജക്ടായ ‘സാഗർ പരിക്രമ–2’ൽ പങ്കെടുത്ത് ആദ്യമായി ഒറ്റയ്ക്കു ലോകം ചുറ്റിവന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡിന് ഉടമയായ അഭിലാഷ് അക്കാലത്തു മാർഗനിർദേശം തേടിയിരുന്നത് സർ റോബിനോടായിരുന്നു.

ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാൻ അഭിലാഷിന് പ്രത്യേക ക്ഷണം ലഭിച്ചപ്പോൾ ഇതിനായി പ്രത്യേക വഞ്ചി തയാറാക്കാൻ വേണ്ട വിദഗ്ധനിർദേശം നൽകിയതും സർ റോബിനായിരുന്നു. നാവികസേനയിൽ അഭിലാഷിന്റെ മാർഗനിർദേശകനായ കമാൻഡർ ദിലീപ് ദോണ്ഡെയുടെ നേതൃത്വത്തിൽ ഗോവയിലെ അക്വാറിസ് ഷിപ്‌യാർഡിലായിരുന്നു വഞ്ചിയുടെ നിർമാണം. കനത്ത കാറ്റിലും തിരയിലും പായ്മരങ്ങൾ ഒടിഞ്ഞെങ്കിലും വഞ്ചിയുടെ ചട്ടക്കൂടിന് ഇപ്പോഴും കേടുപറ്റിയിട്ടില്ലെന്നതു രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നു.