ആമിർ ഖാന്റെ കുടവയറും ഇന്ധനവിലയും; വെറൈറ്റി ട്രോളിറക്കി കോൺഗ്രസ്

ഇന്ധന വിലവർധനയ്ക്കെതിരെ ട്രോളിറക്കി കോൺഗ്രസ്. കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി വിവിധ നേതാക്കൾ സജീവമാകുന്നത്. ആമിര്‍ ഖാനെ കൂട്ടുപിടിച്ചാണ് പ്രധാന ട്രോൾ.

ബോളിവുഡ് സിനിമ ദംഗലിലെ ആമിർ ഖാന്റെ ചിത്രങ്ങളാണു യുപിഎ, എൻഡിഎ ഭരണകാലത്തെ ഇന്ധനവില താരതമ്യം ചെയ്യുന്നതിനായി കോൺഗ്രസ് ഉപയോഗിച്ചിരിക്കുന്നത്.

പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയാണ് ട്രോള്‍ ട്വീറ്റ് ചെയ്തത്. ഗുസ്തി താരമായി മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യുപിഎ കാലത്തെ പെട്രോൾ വിലയോടും പ്രായമായി കുടവയറുമായി നിൽക്കുന്ന ആമിറിന്റെ ചിത്രം എൻഡിഎ കാലത്തെ പെട്രോൾ വിലയോടും ഉപമിച്ചുള്ള ട്വീറ്റാണു ദിവ്യ സ്പന്ദനയുടേത്.

മോദി സർക്കാർ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണെന്ന കുത്തുമായി കോൺഗ്രസിന്റെ ട്വീറ്റുമുണ്ട്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലാണെന്നുമുള്ള ട്വീറ്റിൽ മോദി സർക്കാർ സമ്പ‌ദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു.